പരിക്ക്; ആൻഡേഴ്സണ് പുറത്ത്
Wednesday, August 7, 2019 12:06 AM IST
രണ്ടാം ആഷസ് ടെസ്റ്റിന് ഇംഗ്ലീഷ് പേസർ ജയിംസ് ആൻഡേഴ്സണ് ഉണ്ടാകില്ലെന്ന് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി). കാൽ മസിലിനേറ്റ പരിക്കിനെത്തുടർന്നാണിത്. ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയയോട് 251 റണ്‍സിനു പരാജയപ്പെട്ട ഇംഗ്ലണ്ടിന് ആൻഡേഴ്സന്റെ അഭാവം വീണ്ടും തിരിച്ചടി നല്‍കും. എഗ്ബാസ്റ്റണിൽ നടന്ന ആദ്യ ടെസ്റ്റിൽ വെറും നാല് ഓവർ മാത്രമാണ് ആൻഡേഴ്സണ് എറിഞ്ഞത്. പരിക്കിനെത്തുടർന്ന് മൈതാനം വിട്ട പേസർ പതിനൊന്നാമനായി രണ്ട് ഇന്നിംഗ്സിലും ബാറ്റിംഗിന് എത്തിയിരുന്നു.
മുപ്പത്തേഴുകാരനായ ആൻഡേഴ്സണ് പരിക്കിനെത്തുടർന്ന് കഴിഞ്ഞ മാസം വിശ്രമത്തിലായിരുന്നു. ലങ്കാഷെയറിനായുള്ള മത്സരത്തിനിടെയായിരുന്നു ആൻഡേഴ്സണു പരിക്കേറ്റത്.
14 മുതൽ ലോഡ്സിലാണ് ഇംഗ്ലണ്ട് x ഓസ്ട്രേലിയ രണ്ടാം ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടം.