ബൗളിംഗ് പരിശീലകനാകാൻ സുനിൽ ജോഷി
Wednesday, August 7, 2019 12:06 AM IST
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് പരിശീലകനാകാൻ അപേക്ഷ സമർപ്പിച്ച് മുൻ താരം സുനിൽ ജോഷി. ടീം ഇന്ത്യക്ക് സ്പിൻ എക്സ്പേർട്ട് ഇല്ലെന്ന ആമുഖത്തോടെയാണ് സുനിൽ ജോഷി ബിസിസിഐക്ക് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. അപേക്ഷ സമർപ്പിച്ചതായി മുൻ താരം തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.
മറ്റു ടീമുകൾക്ക് പേസ്-സ്പിൻ ബൗളിംഗ് പരിശീലകർ ഉള്ളതായും ജോഷി ചൂണ്ടികാണിച്ചു. വിരാട് കോഹ്ലിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് 2017ൽ അനിൽ കുംബ്ലെ മുഖ്യപരിശീലക സ്ഥാനം രാജിവച്ചതിനുശേഷം ഇന്ത്യൻ ടീമിന് സ്പിൻ ഉപദേശകൻ ഇല്ല.
നാൽപ്പത്തൊന്‍പതുകാരനായ സുനിൽ ജോഷി ബംഗ്ലാദേശിന്റെ സ്പിൻ കണ്‍സൾട്ടന്റ് ആയിരുന്നു. ഏകദിന ലോകകപ്പോടെ അദ്ദേഹത്തിന്റെ കരാർ അവസാനിച്ചു. വെസ്റ്റ് ഇൻഡീസ് മുൻ പേസർ കോട്ട്നി വാൽഷിന്റെ കീഴിലായിരുന്നു ജോഷി ബംഗ്ലാദേശിനെ പരിശീലിപ്പിച്ചത്.