അടിച്ചെടുക്കാനും ആർച്ചർ
Thursday, August 8, 2019 12:04 AM IST
ലണ്ടൻ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ടിനെ കിരീടത്തിലെത്തിക്കുന്നതിൽ പേസ് ബൗളർ ജോഫ്ര ആർച്ചർ വഹിച്ച പങ്ക് വലുതായിരുന്നു. ആർച്ചറിന്റെ തീതുപ്പിയ പന്തുകൾ എതിരാളികളെ ഭീതിയിലാഴ്ത്തി. ഓസ്ട്രേലിയൻ താരം അലക്സ് കാരെയുടെ മുഖത്ത് ആർച്ചറിന്റെ ഷോർട്ട്ബോൾകൊണ്ട് രക്തം വാർന്നതും ലോകകപ്പിനിടെ കണ്ടതാണ്. എറിഞ്ഞോടിക്കാൻ മാത്രമല്ല അടിച്ചോടിക്കാനും തനിക്കു സാധിക്കുമെന്ന് തെളിയിച്ച് ആർച്ചർ സസെക്സ് സെക്കൻഡ് ഇലവനായി സെഞ്ചുറി നേടി.
ഗ്ലോക്കോഷെയറിനെതിരേ 99 പന്തിൽ 108 റണ്‍സെടുത്ത് ആർച്ചർ തന്റെ ബാറ്റിംഗ് കരുത്തും വ്യക്തമാക്കി. നേരിട്ട 84-ാം പന്തിൽ കരീബിയൻ വംശജനായ താരം സെഞ്ചുറി തികച്ചു. നാലിന് 52 എന്ന നിലയിൽ സസെക്സ് നിൽക്കുന്പോഴാണ് ആർച്ചർ ക്രീസിലെത്തിയത്. 12.1 ഓവറിൽ 27 റണ്‍സ് വഴങ്ങി ആറ് വിക്കറ്റും ഒന്നാം ഇന്നിംഗ്സിൽ ആർച്ചർ നേടി.
14-ാം തീയതി ഓസ്ട്രേലിയയ്ക്കെതിരേ ലോർഡ്സിൽ നടക്കുന്ന രണ്ടാം ആഷസ് ടെസ്റ്റിൽ ആർച്ചർ അരങ്ങേറ്റം കുറിക്കുമെന്നാണ് കരുതപ്പെടുന്നത്. ആദ്യ ടെസ്റ്റിൽ ആർച്ചറിനെ ഉൾപ്പെടുത്താതിരുന്നത് തന്നെ അദ്ഭുതപ്പെടുത്തിയെന്ന് സസെക്സിന്റെ പരിശീലകൻ ജേസണ്‍ ഗില്ലെസ്പി പറഞ്ഞു.