അട്ടിമറി പ്രണോയ്
Tuesday, August 20, 2019 10:53 PM IST
ബാസൽ (സ്വിറ്റ്സർലൻഡ്): ലോക ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ അട്ടിമറി ജയവുമായി ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ്. പുരുഷ സിംഗിൾസിൽ ചൈനയുടെ ഇതിഹാസതാരമായ ലിൻ ഡാനെ ഒരു മണിക്കൂർ രണ്ട് മിനിറ്റ് നീണ്ട പോരാട്ടത്തിലാണ് പ്രണോയ് പരാജയപ്പെടുത്തിയത്. മൂന്നു ഗെയിം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ മലയാളി താരം പ്രീക്വാർട്ടറിലേക്ക് മുന്നേറി. 21-11, 13-21, 21-7നായിരുന്നു 11-ാം സീഡുകാരനായ ലിൻ ഡാനെ പ്രണോയ് മുട്ടുകുത്തിച്ചത്.
രണ്ടു തവണ ഒളിന്പിക് ചാന്പ്യനായ ലിൻ ഡാൻ അഞ്ചു തവണ ലോക ചാന്പ്യനായിട്ടുണ്ട്. ലോക റാങ്കിംഗിൽ 17മനാണ് ലിൻ ഡാൻ, പ്രണോയ് 31-ാമതും. മൂന്നാം തവണയാണ് പ്രണോയ്, ലിൻ ഡാനെ തോൽപിക്കുന്നത്. 2018ൽ ഇൻഡൊനേഷ്യൻ ഓപ്പണിലും 2015ൽ ഫ്രഞ്ച് ഓപ്പണിലുമായിരുന്നു ഇതിന് മുന്‍പ് ഇന്ത്യൻ താരം വെന്നിക്കൊടി പാറിച്ചത്. പ്രീക്വാർട്ടറിൽ ലോക ഒന്നാം നന്പർ താരമായ ജപ്പാന്റെ കെന്റോ മൊമോട്ടയാണ് പ്രണോയിയുടെ എതിരാളി.
കൊറിയയുടെ ലി ഡോംഗിനെ കീഴടക്കി ഇന്ത്യയുടെ സായ് പ്രണീതും പുരുഷ സിംഗിൾസ് പ്രീക്വാർട്ടറിൽ പ്രവേശിച്ചു. 56 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-16, 21-15നായിരുന്നു ഇന്ത്യൻ താരത്തിന്റെ ജയം. മറ്റൊരു ഇന്ത്യൻ താരമായ കിഡംബി ശ്രീകാന്ത് രണ്ടാം റൗണ്ടിൽ കടന്നിട്ടുണ്ട്.
വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ സഖ്യത്തിന് രണ്ടാം റൗണ്ടിലേക്ക് വാക്കോവർ ലഭിച്ചു.