വെള്ളിടിക്കു വിരാമം...
Monday, August 26, 2019 12:19 AM IST
പി.വി. സിന്ധു എന്ന ഇന്ത്യ ബാഡ്മിന്റണ്‍ സൂപ്പർ താരത്തിനുമേലുണ്ടായിരുന്ന വെള്ളിടിക്ക് അവസാനം. തുടർച്ചയായ ഫൈനൽ തോൽവികളിലൂടെ വിമർശനങ്ങൾക്ക് പാത്രമായ സിന്ധു വെള്ളിയിൽ തട്ടിവീഴുന്ന താരമാണെന്ന വിമർശനം ലോക ചാന്പ്യൻഷിപ്പ് കിരീടത്തോടെ മായ്ച്ചുകളഞ്ഞു. ഫൈനലിൽ സിന്ധുവിന് കാലക്കേടുകളാണ്, ഫൈനലിൽ എത്തിയാൽ സിന്ധു തളരും എന്നിങ്ങനെയുള്ള സംസാരങ്ങളാണ് ഇന്നലത്തെ കിരീടത്തോടെ സിന്ധു എന്ന ഇരുപത്തിനാലുകാരി പൊട്ടിച്ചെറിഞ്ഞത്.
സ്വിറ്റ്സർലൻഡിലെ ബാസലിൽ ഇന്നലെ ലോക ചാന്പ്യൻഷിപ്പ് വനിതാ സിംഗിൾസ് ഫൈനലിൽ എത്തിയപ്പോഴും സിന്ധു കിരീടം നേടുമെന്ന് അധികമാരും വിശ്വസിച്ചിരിക്കില്ല. കാരണം, മുന്‍പ് 15 പ്രധാന ടൂർണമെന്റുകളുടെ ഫൈനലുകളിൽ പരാജയപ്പെട്ട ചരിത്രമാണ് സിന്ധുവിനുണ്ടായിരുന്നത്. 15 ഫൈനലുകളിൽ പരാജയപ്പെട്ടെങ്കിലും പേരുദോഷം മാറ്റുകയായിരുന്നു സിന്ധുവിന്റെ ലക്ഷ്യമെന്ന് ഇത്തവണത്തെ ലോകചാന്പ്യൻഷിപ്പിന്റെ തുടക്കം മുതലുള്ള അവരുടെ ശരീരഭാഷ വ്യക്തമാക്കി. ഫൈനലിൽ അതിന്റെ പാരമ്യതയാണ് ബാഡ്മിന്റണ്‍ ലോകം ദർശിച്ചത്.
ബാസലിലേക്ക് വിമാനം കയറുന്നതിനു മുന്‍പ് കഴിഞ്ഞ മാസം ഇന്തോനേഷ്യൻ ഓപ്പണിന്റെ ഫൈനലിലും സിന്ധു പരാജയപ്പെട്ടിരുന്നു. വീണ്ടുമൊരു ഫൈനൽ തോൽവി കൂടി താങ്ങാൻ തനിക്കാകില്ലെന്ന് സിന്ധുവിന് അറിയാമായിരുന്നു, ഒപ്പം അവരുടെ പരിശീലകനായ ഗോപീചന്ദിനും. അതോടെ ലോക ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രവും കുറിക്കപ്പെട്ടു. കഴിഞ്ഞ രണ്ടു വർഷവും ലോക ബാഡ്മിന്റണ്‍ ഫൈനലിൽ സിന്ധുവിനു കാലിടറിയിരുന്നു, 2017ൽ നൊസോമി ഒകുഹാരയോടും 2018ൽ കരോളിൻ മാരിനോടും. 2017ൽ ശക്തമായ പോരാട്ടത്തിനൊടുവിലാണ് സിന്ധു കീഴടങ്ങിയത്. അന്നത്തെ തോൽവിക്കുള്ള ഏകപക്ഷീയ മറുപടിയായിരുന്നു ഇന്നലെ ഒകുഹാരയ്ക്ക് സിന്ധു നല്‍കിയത്.
2013, 14 വർഷങ്ങളിൽ ഇവിടെ വെങ്കലം നേടിയ സിന്ധു ഇതോടെ ലോക ചാന്പ്യൻഷിപ്പിൽ അഞ്ചു മെഡൽ നേടുന്ന ഒരേയൊരു ഇന്ത്യൻ താരമെന്ന നേട്ടവും സ്വന്തമാക്കി. 2018 ഡിസംബറിൽ വേൾഡ് ടൂർ ഫൈനൽസിൽ ഒകുഹാരയെ കീഴടക്കി സ്വർണം നേടിയശേഷം പ്രധാന കിരീടങ്ങളിലൊന്നും മുത്തമിടാൻ ഇന്ത്യൻ താരത്തിനു സാധിച്ചിരുന്നില്ല.
മിന്നും പ്രകടനത്തിലൂടെ ഫൈനലിൽ എത്തിയാലും കലാശപ്പോരാട്ടത്തിൽ കാലിടറുന്ന ചരിത്രം സിന്ധു ലോക ചാന്പ്യനായി അവസാനിപ്പിച്ചിരിക്കുന്നു. ഇനി വെള്ളിടിയില്ല, പൊൻതിങ്കളാണ് സിന്ധു.
സിന്ധുവിന്റെ ഫൈനൽ തോൽവികൾ
വർഷം, ചാന്പ്യൻഷിപ്പ്, എതിരാളി
2011 ഡച്ച് ഓപ്പണ്‍ യാവോ ജി
2012 സയീദ് മോദി ലിൻഡാവെനി
2014 സയീദ് മോദി സൈന നെഹ്വാൾ
2015 ഡെന്മാർക്ക് ഓപ്പണ്‍ ലി സുവേരി
2016 ചൈന ഓപ്പണ്‍ തായ് സു യിംഗ്
2016 ഒളിന്പിക്സ് കരോളിന മാരിൻ
2017 കൊറിയ ഓപ്പണ്‍ തായ് സു യിംഗ്
2017 സൂപ്പർ സീരീസ് അകാനെ യാമഗുച്ചി
2017 ലോക ചാന്പ്യൻഷിപ്പ് നൊസോമി ഒകുഹാര
2018 ഇന്ത്യ ഓപ്പണ്‍ ബെയ് വെൻ സാങ്
2018 കോമണ്‍വെൽത്ത് സൈന നെഹ്വാൾ
2018 ഏഷ്യൻ ഗെയിംസ് തായ് സു യിംഗ്
2018 ലോക ചാന്പ്യൻഷിപ്പ് കരോളിന മാരിൻ
2018 തായ്ലൻഡ് ഓപ്പണ്‍ നൊസോമി ഒകുഹാര
2019 ഇന്തോനേഷ്യ ഓപ്പണ്‍ അകാനെ യാമഗുച്ചി