കോഹ്ലിതന്നെ നയിക്കും: ഹെൻസണ്‍
Thursday, September 19, 2019 11:26 PM IST
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ അടുത്ത സീസണിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെ വിരാട് കോഹ്ലിതന്നെ നയിക്കുമെന്ന് മൈക്ക് ഹെൻസണ്‍. ക്ലബ്ബിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആണ് ന്യൂസിലൻഡിന്റെ മുൻ പരിശീലകനായ ഹെൻസണ്‍.
കോഹ്ലി, എബി ഡിവില്യേഴ്സ്, ക്രിസ് ഗെയ്ൽ തുടങ്ങിയ പ്രമുഖർ ടീമിനൊപ്പം അണിനിരന്നിട്ടും ഇതുവരം റോയൽ ചലഞ്ചേഴ്സിന് ഐപിഎൽ കിരീടം നേടാൻ സാധിച്ചിരുന്നില്ല. ടീമിനെ കഴിഞ്ഞ ഏഴ് സീസണിലും നയിച്ചിട്ടും കിരീടത്തിലെത്തിക്കാൻ സാധിക്കാത്തത് കോഹ്ലിയുടെ ക്യാപ്റ്റൻസിയുടെ പ്രശ്നമാണെന്നായിരുന്നു കഴിഞ്ഞ സീസണിൽ ഉയർന്ന ആരോപണം.
കോഹ്ലിയുടെ ഇഷ്ടക്കാരെയാണ് പ്ലേയിംഗ് ഇലവനിൽ ഇറക്കുന്നതെന്നും ടീമിന്റെ പരാജയത്തിനു കാരണമതാണെന്നും വിമർശനമുണ്ടായി.
ഇത്തവണ റിക്രൂട്ട്മെന്റിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും മുൻ കാലങ്ങളിലെ അനുഭവങ്ങളിൽനിന്ന് പാഠമുൾക്കൊള്ളുമെന്നും ഹെൻസണ്‍ പറഞ്ഞു.