മേരി വേൾഡ് ഡോട്ട് കോം
Friday, October 11, 2019 12:07 AM IST
ഉലൻ ഉദെ (സൈബീരിയ): ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പ് ചരിത്രത്തിൽ ഏറ്റവും വിജയശ്രീലാളിതയായ താരമെന്ന ഖ്യാതി ഇനി ഇന്ത്യയുടെ മേരി കോമിന്. ആറ് തവണ ലോക ചാന്പ്യൻഷിപ്പിൽ സ്വർണം നേടിയ മേരി കോം ഇത്തവണയും മെഡൽ ഉറപ്പിച്ചു. 51 കിലോഗ്രാം വിഭാഗത്തിൽ ആദ്യമായി പോരാട്ടവേദിയിലെത്തിയ മേരി കോം സെമിയിൽ പ്രവേശിച്ചതോടെയാണ് ഇത്തവണയും മെഡൽ ഉറപ്പിച്ചത്.
ലോക ചാന്പ്യൻഷിപ്പിൽ മേരി കോമിന്റെ എട്ടാം മെഡലാണിത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം ലോക ചാന്പ്യൻഷിപ്പിൽ എട്ട് മെഡൽ നേടുന്നത്. റിയോ ഒളിന്പിക്സിൽ വെങ്കലം നേടിയ കൊളംബിയയുടെ ഇൻഗ്രിറ്റ് വലൻസിയയെ ഇന്നലെ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ മേരി കോം ഏകപക്ഷീയമായി ഇടിച്ചിട്ടു. 5-0നായിരുന്നു ഇന്ത്യൻ താരത്തിന്റെ ജയം.
മറികടന്നത് സാവോണിനെ
ക്യൂബൻ ഇതിഹാസ പുരുഷ ബോക്സർ ഫെലിക്സ് സാവോണിന്റെ ഏഴ് ലോക ചാന്പ്യൻഷിപ്പ് മെഡൽ എന്ന റിക്കാർഡാണ് മേരി കോം പഴങ്കഥയാക്കിയത്. തുടർച്ചയായി ആറ് തവണ ലോക ചാന്പ്യൻഷിപ്പ് സ്വർണ ജേതാവായിരുന്നു സാവോണ്. ഒരു തവണ വെള്ളിയും നേടിയിരുന്നു. 1986 മുതൽ 1999വരെയായിരുന്നു സാവോണിന്റെ മെഡൽ നേട്ടങ്ങൾ. മേരി കോം ഇതിനോടകം ആറ് സ്വർണവും ഒരു വെള്ളിയും നേടിയിട്ടുണ്ട്. ഇത്തവണത്തെ വെങ്കല മെഡൽ ഉറപ്പിക്കൽകൂടിയായതോടെ ചരിത്രം കുറിക്കപ്പെട്ടു. അയർലൻഡിന്റെ കാതി ടെയ്ലർ ആണ് മെഡൽ നേട്ടപട്ടികയിൽ മൂന്നാമത്, ആറ് എണ്ണം.
ഇന്ത്യ നാല് മെഡൽ ഉറപ്പിച്ചു
മേരി കോമിനു പിന്നാലെ മഞ്ജു റാണി (48 കിലോഗ്രാം വിഭാഗം), ജമൗന ബൊറൊ (54 കിലോഗ്രാം), ലോവ്ലിന ബൊർഗോഹെയ്ൻ (69 കിലോഗ്രാം) എന്നിവരും സെമിയിൽ പ്രവേശിച്ചു. ഇതോടെ ഇത്തവണത്തെ ലോക ചാന്പ്യൻഷിപ്പിൽ ഇന്ത്യ നാല് മെഡൽ ഉറപ്പിച്ചു. കഴിഞ്ഞ തവണയും ഇന്ത്യ നാല് മെഡൽ നേടിയിരുന്നു.
ഉത്തര കൊറിയയുടെ ടോപ് സീഡ് താരവും കഴിഞ്ഞ തവണത്തെ വെങ്കല ജേതാവുമായ കിം ഹ്യാങ് മിയെ 4-1ന് അട്ടിമറിച്ചാണ് മഞ്ജു റാണി സെമിയിൽ പ്രവേശിച്ചത്.
പോളണ്ടിന്റെ ആറാം സീഡായ കരോളിന കൊസ്വെസ്കയെ 4-1ന് അട്ടിമറിച്ചായിരുന്നു ലോവ്ലിനയുടെ സെമി പ്രവേശനം. കഴിഞ്ഞ തവണ ലോവ്ലിന വെങ്കലം നേടിയിരുന്നു.