റാണിയാണ് മഞ്ജു
Saturday, October 12, 2019 11:38 PM IST
ഉലൻ ഉദെ (റഷ്യ): അട്ടിമറി ജയത്തോടെ ഇന്ത്യയുടെ മഞ്ജു റാണി ലോക വനിതാ ബോക്സിംഗ് ചാന്പ്യൻഷിപ്പ് ഫൈനലിൽ. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ മുൻ ലോകചാന്പ്യൻ തായ്ലൻഡിന്റെ ചുതാമത് രക്സാതിനെ 4-1നു സെമിയിൽ തകർത്താണ് ഇന്ത്യൻ താരം ഫൈനലിൽ പ്രവേശിച്ചത്.
ലോക ബോക്സിംഗിൽ ആദ്യമായാണ് മഞ്ജു റാണി പങ്കെടുക്കുന്നത്. 18 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ വനിതാ ബോക്സിംഗ് താരം അരങ്ങേറ്റത്തിൽ ലോക ചാന്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. 2001ൽ മേരി കോം ആണ് അവസാനമായി കന്നി ലോക ചാന്പ്യൻഷിപ്പിൽ ഫൈനലിൽ കടന്നത്. ആറാം സീഡായ ഇന്ത്യൻ താരം ഇന്നു നടക്കുന്ന ഫൈനലിൽ രണ്ടാം സീഡായ റഷ്യയുടെ എക്തെറിന പൽറ്റ്ചേവയെ നേരിടും.
അതേസമയം, ഇന്ത്യയുടെ മേരി കോം 51 കിലോഗ്രാം വിഭാഗത്തിൽ 1-4നു പരാജയപ്പെട്ട് സെമിയിൽ പുറത്തായി വെങ്കലത്തിലൊതുങ്ങി. 54 കിലോഗ്രാം വിഭാഗത്തിൽ ജമുന ബോറോയും 69 കിലോഗ്രാം വിഭാഗത്തിൽ ലവ്ലിന ബൊഗൊഹെയ്നും സെമിയിൽ പരാജയപ്പെട്ട് വെങ്കലത്തിൽ ഒതുങ്ങി.