ഒടുവിൽ ആൻഡി ഫ്ളവർ ഇസിബി വിട്ടു
Saturday, October 12, 2019 11:38 PM IST
പ ന്ത്രണ്ട് വർഷം ഇംഗ്ലീഷ് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിനൊപ്പമുണ്ടായിരുന്ന (ഇസിബി) സിംബാബ് വെ മുൻ താരം ആൻഡി ഫ്ളവർ പടിയിറങ്ങി. മറ്റ് അവസരങ്ങൾക്കായി ഇസിബിയുമായുള്ള ബന്ധം ഫ്ളവർ അവസാനിപ്പിച്ചെന്നും തുടർന്നും അദ്ദേഹം ഇംഗ്ലണ്ടിൽ ഉണ്ടാകുമെന്നും ഇസിബി അറിയിച്ചു.
2007ൽ പീറ്റർ മൂറിന്റെ സഹ പരിശീലകനായാണ് ഫ്ളവർ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുന്നത്. 2010ൽ ഇംഗ്ലണ്ടിനെ ആദ്യമായി ഐസിസി ടൂർണമെന്റിൽ (ട്വന്റി-20 ലോകകപ്പ്) വിജയിപ്പിച്ചത് ഫ്ളവർ ആയിരുന്നു. 2009ലാണ് ഫ്ളവർ ഇംഗ്ലണ്ടിന്റെ മുഖ്യ പരിശീലകനായത്. 2014ൽ സ്ഥാനമൊഴിഞ്ഞു. തുടർന്ന് ടെക്നിക്കൽ ഡയറക്ടർ ഓഫ് എലൈറ്റ് ക്രിക്കറ്റ് പദവിയിലായിരുന്നു അദ്ദേഹം.
ഫ്ളവറിന്റെ ശിക്ഷണത്തിൽ ടെസ്റ്റ് ഒന്നാം റാങ്കിലും ആഷസ് കിരീടത്തിലും ഇംഗ്ലണ്ട് എത്തി. പതിറ്റാണ്ടിനുശേഷമായിരുന്നു 2010-11ൽ ഇംഗ്ലണ്ട് എവേ ആഷസ് പരന്പര നേടിയത്. 1986-87ലായിരുന്നു ഇംഗ്ലണ്ട് അതിനു മുന്പ് ഓസ്ട്രേലിയയിൽ ആഷസ് നേടിയത്.