ചിത്രയ്ക്കു ഡബിൾ
Monday, October 14, 2019 12:09 AM IST
റാഞ്ചി: 59-ാമത് ദേശീയ ഓപ്പണ്‍ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ റെയിൽവേസിന്റെ മലയാളി താരം പി.യു. ചിത്രയ്ക്ക് ഇരട്ട സ്വർണം. വനിതകളുടെ 1500 മീറ്ററിനു പിന്നാലെ ഇന്നലെ 800 മീറ്ററിലും ചിത്ര സ്വർണമണിഞ്ഞു. 2:04.59 സെക്കൻഡിലാണ് ചിത്ര 800 മീറ്ററിൽ സ്വർണത്തിലെത്തിയത്. റെയിൽവേസിന്റെ ശിൽപ്പ ശങ്കറിനാണ് (2:06.17 സെക്കൻഡ്) വെള്ളി. കേരളത്തിന്റെ ജെസി ജോസഫിനു (2:07.11) നാലാമത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. പുരുഷ വിഭാഗം 800 മീറ്ററിൽ സർവീസസിന്റെ മലയാളി താരകം മുഹമ്മദ് അഫ്സൽ സ്വർണം നേടി. 1:50.88 സെക്കൻഡിലാണ് അഫ്സൽ മത്സരം പൂർത്തിയാക്കിയത്.

വനിതകളുടെ ഹൈജംപിൽ കേരളത്തിന്റെ ലിബിയ ഷാജി 1.70 മീറ്ററുമായി വെങ്കലം സ്വന്തമാക്കി. റെയിൽവേസിന്റെ റുബിന യാദവ് (1.76 മീറ്റർ), ലൈംവാൻ നർസ്രി (1.73 മീറ്റർ) എന്നിവർക്കാണ് സ്വർണവും വെള്ളിയും.
വനിതകളുടെ 200 മീറ്ററിലും സ്വർണം നേടി ഒഡീഷയുടെ ദ്യുതി ചന്ദ് സ്പ്രിന്റ് ഡബിൾ തികച്ചു. 23.17 സെക്കൻഡിലായിരുന്നു ദ്യുതി 200 മീറ്റർ ജയിച്ചത്. പുരുഷ വിഭാഗത്തിൽ അഭിനവ് പൻവാർ (21.37) 200 മീറ്ററിൽ സ്വർണം നേടി.