ഹോളണ്ട്, ജർമനി ജയിച്ചു
Monday, October 14, 2019 11:33 PM IST
ആംസ്റ്റർഡാം/ബെർലിൻ: 2020 യൂറോ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ശക്തരായ ഹോളണ്ടിനും ജർമനിക്കും ഏവേ ജയം. ഗ്രൂപ്പ് സിയിൽ നടന്ന മത്സരങ്ങളിൽ ഹോളണ്ട് 2-1ന് ബെലാറസിനെ കീഴടക്കിയപ്പോൾ ജർമനി മറുപടിയില്ലാത്ത മൂന്ന് ഗോളിന് എസ്റ്റോണിയയെ പരാജയപ്പെടുത്തി. ഗ്രൂപ്പിൽ ആറ് മത്സരങ്ങളിൽ 15 പോയിന്റ് വീതവുമായി ഹോളണ്ടും ജർമനിയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്. അതേസമയം, ഗ്രൂപ്പ് ഇയിൽ ക്രൊയേഷ്യയുടെ വെയ്ൽസും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
ജോർജിനോ വിജ്നൽഡമിന്റെ ഇരട്ട ഗോളാണ് ഹോളണ്ടിനു ജയമൊരുക്കിയത്. 32, 41 മിനിറ്റുകളിലായിരുന്നു ഗോൾ. 53-ാം മിനിറ്റിൽ സ്റ്റാനിസ്ലാവ് ഡ്രഗണിന്റെ വകയായിരുന്നു ആതിഥേയരുടെ ആശ്വാസ ഗോൾ. ഇകെയ് ഗണ്ഡോഗന്റെ ഇരട്ട ഗോളാണ് ജർമനിക്ക് എസ്റ്റോണിയയ്ക്കെതിരേ ജയം അനായാസമാക്കിയത്. ടിമോ വെൽനർ (71-ാം മിനിറ്റ്) ജർമൻ പടയുടെ മൂന്നാം ഗോൾ നേടി. 14-ാം മിനിറ്റിൽ എംറെ കാൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ജർമനി പത്ത് പേരായി ചുരുങ്ങിയിരുന്നു.
എവേ പോരാട്ടത്തിൽ നിക്കോള വ്ളാസിക്കിലൂടെ ഒന്പതാം മിനിറ്റിൽ മുന്നിലെത്തിയ ക്രൊയേഷ്യയെ ആദ്യപകുതിയിലെ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം ഗാരെത് ബെയ്ലിലൂടെ വെയ്ൽസ് സമനിലയിൽ പിടിക്കുകയായിരുന്നു. ഗ്രൂപ്പ് ഇയിൽ 14 പോയിന്റുമായി ക്രൊയേഷ്യ ഒന്നാമതും എട്ട് പോയിന്റുമായി വെയ്ൽസ് നാലാമതുമാണ്.
മറ്റ് മത്സരങ്ങളിൽ റഷ്യ 5-0ന് സൈപ്രസിനെയും സ്കോട്ട്ലഡ് 6-0ന് സാൻ മറീനോയെയും പോളണ്ട് 2-0ന് നോർത്ത് മാസിഡോണിയയെയും ഓസ്ട്രേലിയ 1-0ന് സ്ലോവേനിയയെയും പരാജയപ്പെടുത്തി.