സർഫ്രാസിനെ പുറത്താക്കി
Friday, October 18, 2019 11:32 PM IST
കറാച്ചി: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽനിന്നും ക്യാപ്റ്റൻ സ്ഥാനത്തുനിന്നും സർഫ്രാസ് അഹമ്മദിനെ നീക്കി. ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയതിനൊപ്പം ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ നിന്നുമാണ് സർഫ്രാസിനെ പുറത്താക്കിയത്.
ടെസ്റ്റ്, ട്വന്റി-20 ടീമുകളുടെ നായക സ്ഥാനത്തുനിന്നാണ് സർഫ്രാസിനെ ഒഴിവാക്കിയത്. അസ്ഹർ അലിയാണ് പാക് ടെസ്റ്റ് ടീമിന്റെ പുതിയ നായകൻ. ബാബർ അസം ട്വന്റി-20 ടീമിനെ നായിക്കും. മുഹമ്മദ് റിസ്വാൻ ടീമിന്റെ വൈസ് ക്യാപ്റ്റനാവും. അടുത്ത ടി20 ലോകകപ്പ് വരെയാണ് ബാബർ അസമിന്റെ ക്യാപ്റ്റൻസി.
അടുത്ത വർഷം ജൂലൈയിൽ മാത്രമെ പാക്കിസ്ഥാന് ഇനി ഏകദിന മത്സരം കളിക്കേണ്ടതുള്ളൂ എന്നതിനാൽ ഏകദിന ടീം നായകനെ പ്രഖ്യാപിച്ചിട്ടില്ല. ഉചിതമായ സമയത്ത് ഏകദിന ടീം നായകന്റെ കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ആഭ്യന്തര ക്രിക്കറ്റിൽ ഫോം തെളിയിച്ചാൽ സർഫ്രാസിന് ടീമിൽ തിരിച്ചെത്താമെന്നും സെലക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്.