മഴയെ ശാസിച്ച് രോഹിത്, സെഞ്ചുറിയിലേക്കൊരു സിക്സും!
Saturday, October 19, 2019 11:55 PM IST
റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരന്പരയിൽ ടെസ്റ്റ് ഓപ്പണറിന്റെ വേഷമണിഞ്ഞ് മിന്നുന്ന ഫോമിലുള്ള ഇന്ത്യൻ താരം രോഹിത് ശർമ റാഞ്ചിയിൽ മഴയെ ശാസിക്കുന്ന വീഡിയോ തരംഗമായി. പരന്പരയിൽ തന്റെ മൂന്നാം സെഞ്ചുറിയിലേക്ക് അഞ്ച് റണ്‍സ് അകലെ വച്ചായിരുന്നു രോഹിത് മഴയെ ശാസിച്ചതും തൊട്ടടുത്ത പന്ത് സിക്സർ പറത്തി ശതകനേട്ടം പിന്നിട്ടതും.
ഇന്ത്യൻ ഇന്നിംഗ്സിന്റെ 45-ാം ഓവറിലായിരുന്നു സംഭവം. 129 പന്തിൽ 95 റണ്‍സുമായി രോഹിത് ശർമ നോണ്‍ സ്ട്രൈക്ക് എൻഡിലായിരുന്നു.
ഓവറിലെ മൂന്നാം പന്ത് നേരിടുന്നത് അജിങ്ക്യ രഹാനെ. നേരിയ മഴയെത്തിയതോടെ പിച്ച് മൂടാനായി ഗ്രൗണ്ട് സ്റ്റാഫുകൾ ബൗണ്ടറിക്കരികെ തയാറായി. നേരിയ മഴ പെയ്ത് തുടങ്ങിയതോടെ നോണ്‍സ്ട്രൈക്കിൽ നിരാശനായി നിൽക്കുന്ന രോഹിത് മുകളിലേക്ക് നോക്കി “ഇപ്പോൾ അരുത്... ഇപ്പോൾ പെയ്യരുത്’’ എന്നു പറയുന്നുണ്ടായിരുന്നു. മൂന്നാം പന്തിൽ രഹാനെ സിംഗിൾ എടുത്തതോടെ നാലാം പന്ത് നേരിടാനായി രോഹിത് ക്രീസിൽ. ആലോചിച്ച് സമയം കളയാനോ മുട്ടിനിൽക്കാനോ ശ്രമിക്കാതെ ഡെയ്ൻ പീഡ്റ്റിന്റെ ആ പന്ത് ലോഗ് ഓണിലൂടെ സിക്സർ പറത്തി രോഹിത് സെഞ്ചുറി തികച്ചു.