സൂപ്പർ ഓവറിൽ വീണ്ടും ഇംഗ്ലണ്ട്
Monday, November 11, 2019 12:12 AM IST
ഓക്ലൻഡ്: ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ സൂപ്പർ ഓവർ വിവാദത്തിനുശേഷം ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിൽ മറ്റൊരു സൂപ്പർ ഓവർ പോരാട്ടം. അഞ്ച് മത്സര ട്വന്റി-20 പരന്പരയിലെ അവസാന പോരാട്ടത്തിലായിരുന്നു സൂപ്പർ ഓവർ അരങ്ങേറിയത്. സൂപ്പർ ഓവറിൽ ഇംഗ്ലണ്ടിനായിരുന്നു ജയം. അതോടെ പരന്പര 3-2ന് ഇംഗ്ലണ്ട് സ്വന്തമാക്കി.
മഴമൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 146 റണ്‍സെടുത്തു. ഓപ്പണർമാരായ മാർട്ടിൻ ഗപ്റ്റിലിന്റെയും (20 പന്തിൽ 50) കോളിൻ മണ്റോയുടെയും (21 പന്തിൽ 46) വെടിക്കെട്ട് ബാറ്റിംഗാണ് കിവീസിന് മികച്ച സ്കോർ സമ്മാനിച്ചത്. 16 പന്തിൽ 39 റണ്‍സടിച്ച ടിം സെയ്ഫെർട്ടിന്റെ വെടിക്കെട്ട് കൂടിയായപ്പോൾ കിവീസ് സ്കോർ 146ൽ എത്തി.
മറുപടിക്കായി ക്രീസിലെത്തിയ ഇംഗ്ലണ്ടിനായി ജോണി ബെയർസ്റ്റോ 18 പന്തിൽ അഞ്ച് സിക്സ് ഉൾപ്പെടെ 47 റണ്‍സെടുത്തു. ഓയിൻ മോർഗൻ (ഏഴ് പന്തിൽ 17), സാം കറൻ (11 പന്തിൽ 24) എന്നിവരും വേഗത്തിൽ സ്കോർ ചെയ്തതോടെ 11 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ടും 146ൽ എത്തി.
ടൈ ആയതോടെ മത്സരം സൂപ്പർ ഓവറിലേക്ക്. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് ജോണി ബെയർസ്റ്റോ (എട്ട്), ഓയിൻ മോർഗൻ (ഒന്‍പത്) എന്നിവരുടെ മികവിൽ 17 റണ്‍സെടുത്തു. കിവീസിന് എട്ടു റണ്‍സ് മാത്രമാണ് നേടാനായത്. നാലു പന്ത് നേരിട്ട സെയ്ഫെർട്ട് നേടിയത് ആറു റണ്‍സ് മാത്രമായിരുന്നു.