എംബാപ്പെയ്ക്കായി 3171 കോടി മുടക്കാൻ റയൽ
Wednesday, November 13, 2019 10:51 PM IST
ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രഞ്ച് ഫുട്ബോൾ താരം കൈലിയൻ എംബാപ്പെയെ സ്വന്തമാക്കാൻ റിക്കാർഡ് തുക മുടക്കാനായി റയൽ മാഡ്രിഡ് ശ്രമം ആരംഭിച്ചതായി റിപ്പോർട്ട്. 3171 കോടി രൂപ (400 മില്യണ്‍ യൂറോ) വരെ മുടക്കാൻ റയൽ മാഡ്രിഡ് തയാറെടുക്കുന്നതായി ഫ്രഞ്ച് മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. മുൻ വർഷങ്ങളിലും എംബാപ്പെ റയലിലേക്ക് ചേക്കേറുമെന്നുള്ള വാർത്തകൾ നിരവധി തവണ പ്രചരിച്ചിരുന്നു.
പിഎസ്ജിയുടെ ബ്രസീൽ താരമായ നെയ്മറിനായി റയൽ ശക്തമായി രംഗത്തുണ്ടായിരുന്നെങ്കിലും ഫലംകണ്ടിരുന്നില്ല. റയലിന്റെ ചിരവൈരികളായ ബാഴ്സലോണയിൽനിന്ന് 2017ൽ 222 മില്യണ്‍ യൂറോയ്ക്കാണ് (1761 കോടി രൂപ) നെയ്മർ പിഎസ്ജിയിൽ എത്തിയത്. വിനീഷ്യസ് ജൂണിയറിനെ നല്കിയാൽ എംബാപ്പെയെ നല്‍കാമെന്നതാണ് പിഎസ്ജിയുടെ നിലപാടെന്നും റിപ്പോർട്ടുണ്ട്. അതേസമയം, ആൻത്വാൻ ഗ്രീസ്മാനെ നല്കിയാൽ എംബാപ്പെയെ ബാഴ്സയ്ക്കു നല്‍കാനുള്ള നീക്കവും നടക്കുന്നുണ്ടന്നാണ് സൂചന.