അജിങ്ക്യ രഹാനെ ഡൽഹി ക്യാപ്പിറ്റൽസിലേക്ക്
Friday, November 15, 2019 12:00 AM IST
ഐഎസ്എൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) ട്വന്റി-20 ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിന്റെ നായകനായിരുന്ന അജിങ്ക്യ രഹാനെ ക്ലബ് വിട്ടു.
അടുത്ത സീസണിൽ ഡൽഹി ക്യാപ്പിറ്റൽസിനൊപ്പമാകും അജിങ്ക്യ കളിക്കുക. ഇക്കാര്യം ഇരു ഫ്രാഞ്ചൈസികളും ഇന്നലെ സ്ഥിരീകരിച്ചു. ആർ. അശ്വിനെ കിംഗ്സ് ഇലവണ്‍ പഞ്ചാബിൽനിന്ന് ഡൽഹിയിലെത്തിച്ചതിനു പിന്നാലെയാണ് രഹാനെയെയും ക്യാപ്പിറ്റൽസ് റാഞ്ചിയത്.
ഇതോടെ ക്യാപ്പിറ്റൽസിൽ ഇന്ത്യൻ താരങ്ങളും നീണ്ട നിരയായി. ശിഖർ ധവാൻ, പൃഥ്വി ഷാ, ശ്രേയസ് അയ്യർ, റിഷഭ് പന്ത് എന്നിവർക്കൊപ്പം രഹാനെയും ക്യാപ്പിറ്റൽസിലെത്തി.
രാജസ്ഥാൻ റോയൽസിനായി ഏറ്റവും അധികം മത്സരം കളിച്ച താരമാണ് രഹാനെ, 106 എണ്ണം. അതിൽ 100 എണ്ണം ഐപിഎലിലും ആറ് എണ്ണം ചാന്പ്യൻസ് ലീഗ് ട്വന്റി-20യിലുമാണ് റോയൽസിനായി കളിച്ചത്. റോയൽസിനായി ഏറ്റവും അധികം റണ്‍സ് നേടിയതും രഹാനെയാണ്, 35.60 ശരാശരിയിൽ 3098.