പന്ത് കൊണ്ട് ആഷ്ടണ്‍ അഗാറുടെ മൂക്കിന്റെ പാലം തകർന്നു
Monday, November 18, 2019 12:23 AM IST
അഡ്ലെയ്ഡ്: ഓസ്ട്രേലിയന്‍ ഇടങ്കയ്യന്‍ സ്പിന്നര്‍ ആഷ്ടണ്‍ അഗറിനു പന്തു കൊണ്ടു മൂക്കിന്റെ പാലം തകര്‍ത്തു. ഓസ്ട്രേലിയയുടെ ആഭ്യന്തര ടൂര്‍ണമെന്റായ മാര്‍ഷ് വണ്‍ഡേ കപ്പില്‍ സൗത്ത് ഓസ്ട്രേലിയയ്ക്കെതിരേയുള്ള മത്സരത്തിനിടെയാണ് പരിക്കേറ്റത്. വെസ്റ്റേണ്‍ ഓസ്ട്രേലിയയുടെ താരമായ അഷ്ടണ്‍ ഇളയസഹോദരന് വെസ് അഗര്‍ മിഡ് ഓണിലേക്കു പായിച്ച പന്ത് പിടിക്കുന്നതിനുള്ള ശ്രമത്തിലാണ് പരിക്കേറ്റത്. ഈ ശ്രമത്തില്‍ ആഷ്ടണ്‍ തെന്നിവീണു. ഈ സമയത്ത് പന്ത് മൂക്കില്‍ കൊള്ളുകയും ചെയ്തു.
ചോരയൊഴുകുന്നത്കണ്ട ഉടന്‍തന്നെ സഹതാരം ജേ റിച്ചാര്ഡ്സണ് മെഡിക്കല്‍ സംഘത്തെ വരുത്തി. പരിക്കേറ്റു വീണ സഹോദരന്റെ അടുത്തേക്ക്് വെസ് ഓടിയെത്തുകയും ചെയ്തു. സംഭവം തന്നെ ഞെട്ടിച്ചെന്നും കണ്ണട തകര്‍ന്നാണ് പന്ത് മൂക്കില്‍ കൊണ്ടതെന്നും വെസ് പറഞ്ഞു. ഇപ്പോള്‍ സഹോദരന് കുഴപ്പമൊന്നുമില്ലെന്ന് വെസ് പറഞ്ഞു.