ടി.പി. ഔസേപ്പ് വീണ്ടും ദേശീയ പരിശീലകനാകുന്നു
Monday, November 18, 2019 12:23 AM IST
കണ്ണൂർ: പ്രശസ്ത കായികപരിശീലകൻ ടി.പി. ഔസേപ്പ് വീണ്ടും ദേശീയ അത്ലറ്റിക്സിൽ പരിശീലകനാകുന്നു. ഡിസംബറിൽ ആരംഭിക്കുന്ന വേൾഡ് ജൂണിയർ അത്ലറ്റിക് ചാന്പ്യൻഷിപ്പിനുള്ള പരിശീലകനായി തിരുവനന്തപുരം എൽഎൻസിപിഇയിലായിരിക്കും നിയമനം. അഞ്ജു ബോബി ജോർജ്, ബോബി അലോഷ്യസ്, ജിൻസി ഫിലിപ്പ്, ലേഖ തോമസ് തുടങ്ങിയ പ്രതിഭകളെ വളർത്തിയെടുത്ത അദ്ദേഹം 1994 മുതൽ നാലുവർഷം ദേശീയ പരിശീലകനായിരുന്നു.
മാതിരപ്പള്ളി എംഎ കോളജിലെ പരിശീലകനായിരുന്ന ടി.പി. ഔസേപ്പിനെ കഴിഞ്ഞമാസം സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. കോളജിൽ രണ്ടു തവണകളിലായി 14 വർഷം പരിശീലകനായിരുന്നു അദ്ദേഹം. ഇതിനിടെ രണ്ടുവർഷം കേരള ക്രിക്കറ്റ് അക്കാദമിയിലും അത്ലറ്റിക് കോച്ചായിരുന്നു. “എനിക്ക് ജീവിക്കാൻ വേണ്ടിയല്ല കായികപരിശീലകനായി തുടരുന്നത്. അതെന്റെ പാഷനായിപ്പോയി. കോളജിന്റെ തീരുമാനം എന്നെ വല്ലാതെ വേദനിപ്പിച്ചു.
തുടർന്ന് അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി സി.കെ. വത്സനോട് ദേശീയ ക്യാന്പിൽ ചേരാൻ താത്പര്യം അറിയിച്ചു. മൂന്നു വർഷം മുന്പ് ദേശീയ ക്യാന്പിലേക്ക് വിളിച്ചപ്പോൾ ഇവിടെ പരിശീലിപ്പിക്കുന്ന കുട്ടികളെ വിട്ടുപോകാൻ തോന്നാത്തതിനാൽ നിരസിക്കുകയായിരുന്നു. സർക്കാരിലേക്ക് ശിപാർശ ചെയ്തതായും ഇതുസംബന്ധിച്ച ഔദ്യോഗിക നടപടികൾ പുരോഗമിക്കുകയാണെന്നും ഡെപ്യൂട്ടി ചീഫ് അത്ലറ്റിക് കോച്ച് രാധാകൃഷ്ണനും അറിയിച്ചിട്ടുണ്ട്.’’ - ടി.പി.ഔസേപ്പ് ദീപിക യോട്പറഞ്ഞു.