ജനിക്കും മുമ്പേയുള്ള റിക്കാർഡ് തകർത്ത് കെ.സി. സെർവാൻ
Monday, November 18, 2019 12:23 AM IST
കണ്ണൂർ: 2006 ഒക്ടോബർ 13 നാണ് ചെറുവത്തൂർ മയ്യിച്ചയിലെ കിഴക്കേചാലിൽ കെ.സി. ഗിരിഷ്- രേഷ്മ ദന്പതികളുടെ മകൻ കെ.സി. സെർവാൻ ജനിച്ചത്. എന്നാൽ താൻ ജനിക്കുന്നതിന് ഒരു വർഷം മുന്പുള്ള മീറ്റ് റിക്കോർഡാണ് ഇന്നലെ നടന്ന സബ് ജൂണിയർ ബോയ്സ് ഡിസ്കസ് ത്രോയിൽ സെർവാൻ തകർത്തത്. 2005 ൽ പി.ബി. അനന്ത് സ്ഥാപിച്ച റിക്കാർഡായ 41.54 മീറ്ററാണ് സെർവാൻ മറികടന്നത്. 41.58 മീറ്ററാണ് പുതിയ മീറ്റ് റിക്കാർഡ്.
ചെറുവത്തൂർ കുട്ടമത്ത് ജിഎച്ച്എസ്എസിലെ വിദ്യാർഥിയാണ് സർവാൻ. കിഴക്കേചാലിൽ കുടുംബത്തിന് റിക്കാർഡുകൾ പുത്തരിയല്ല. സെർവാന്റെ അച്ഛൻ കെ.സി. ഗിരീഷ് 1989 ൽ ഡിസ്ക് ത്രോയിൽ സ്കൂൾ മീറ്റിൽ സീനിയർ വിഭാഗത്തിൽ സ്വർണ മെഡൽ നേടിയതാണ്.
സെർവാന്റെ ജ്യേഷ്ഠൻ കെ.സി. സിദ്ധാർഥ് 2017ൽ ജൂണിയർ മീറ്റിൽ ഡിസ്കസ് ത്രോയിൽ സ്വർണവും 2018 ൽ സീനിയർ വിഭാഗത്തിൽ 53.37 മീറ്റർ എറിഞ്ഞ് മീറ്റ് റിക്കാർഡ് സ്ഥാപിക്കുകയും ചെയ്തു. ഗിരീഷിന്റെ സഹോദരൻ കെ.സി. സതീഷ് 1994 സബ് ജൂണിയർ വിഭാഗത്തിൽ ഡിസ്കസ് ത്രോയിൽ സ്വർണം നേടി. ഗിരീഷിന്റെ സഹോദരി ഗീത 1985 കേരളത്തിന്റെ കബഡി ടീമിന്റെ ക്യാപ്റ്റനായിരുന്നു. ഗീതയുടെ മകൻ പ്രിയേഷ് 2011 ൽ സംസ്ഥാന ജൂണിയർ മീറ്റിലും 2012 സീനിയർ വിഭാഗത്തിലും ഡിസ്കസ് ത്രോയിൽ സ്വർണം നേടിയിരുന്നു. ജിം ട്രെയിനർ കൂടിയായ അച്ഛൻ ഗിരീഷാണ് സെർവാന്റെ പരിശീലകൻ. ഒപ്പം കുട്ടമത്ത് സ്കൂളിലെ കായികാധ്യാപകനായ മധുസൂദനന്റെ സഹായവുമുണ്ട്.