കാത്തിരുന്ന ജയം
Friday, December 6, 2019 12:05 AM IST
കണ്ണൂർ: ഒൻപത് വർഷം കാത്തിരുന്നു അൻസുമോൾക്ക് ഒരു ചാന്പ്യൻഷിപ്പിനായി റിംഗിലിറങ്ങാൻ. ഒടുവിൽ റിംഗിലിറങ്ങിയപ്പോൾ കേരളത്തിനുവേണ്ടി മിന്നുന്ന വിജയം സ്വന്തമാക്കി. പ്രീക്വാർട്ടറിൽ 64 കിലോ വിഭാഗത്തിൽ കേരളത്തിന്റെ അൻസുമോൾ ബെന്നി ലഡാക്കിന്റെ ഫെറിനാ ഇല്യാസിനെ തോൽപ്പിച്ചാണ് ക്വാർട്ടറിൽ കടന്നത്.
അൻസുമോളുടെ ഇടിക്കൂട്ടിലെ വിജയം ജീവിതസാഹചര്യങ്ങളോട് പോരാടിയാണ്. ഇടുക്കി രാജകുമാരിയിലെ ചിറക്കൽ ഹൗസിൽ ബെന്നിയുടെയും സൂസിയുടെയും മകളാണ്. അച്ഛൻ ബെന്നി പതിനഞ്ച് വർഷം മുന്‍പ് മരിച്ചിരുന്നു. അമ്മ തോട്ടം മേഖലയിലെ തൊഴിലാളിയാണ്. സ്ഥിരമായി തോട്ടം മേഖലയിൽ ജോലിയുമുണ്ടാകാറില്ല. രണ്ട് സഹോദരിമാരുണ്ട്. മൂത്ത സഹോദരി അഞ്ജലിയുടെ വിവാഹം കഴിഞ്ഞു.
ഇളയ സഹോദരി അഞ്ജന പ്ലസ് വൺ വിദ്യാർഥിയാണ്. ആറ്റിങ്ങൽ ഗവ. കോളജിൽ ബിഎ അവസാനവർഷ വിദ്യാർഥിനിയായ അൻസുമോൾ തിരുവനന്തപുരം സ്പോർട്സ് കൗണ്‍സിൽ ഹോസ്റ്റലിൽ താമസിച്ചാണ് പരിശീലിക്കുന്നത്. ഇടിക്കൂട്ടിൽ മികച്ച പ്രകടനമാണ് അൻസുമോൾ കാഴ്ചവച്ചതെന്നും കേരളത്തിന് അവളിലൂടെ മെഡൽ ഉറപ്പാണെന്നും കോച്ച് പ്രേംനാഥ് പറഞ്ഞു. നല്ല ഭാവിയുള്ള താരമാണ് അൻസുമോളെന്നും അദ്ദേഹം പറഞ്ഞു.