പൗരത്വ ബിൽ: സന്തോഷ് ട്രോഫി നീട്ടി
Saturday, December 14, 2019 11:32 PM IST
മുംബൈ: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ രൂക്ഷമായതിനെ തുടർന്ന് സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് മൽസരങ്ങൾ മാറ്റിവച്ചു. ഇക്കാര്യം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് (എഐഎഫ്എഫ്) അറിയിച്ചത്. മിസോറാമിൽ ജനുവരി 10 മുതൽ 23വരെ നടക്കേണ്ട മൽസരങ്ങളാണ് മാറ്റിവച്ചത്. ഏപ്രിൽ മാസത്തിൽ മൽസരങ്ങൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
പൗരത്വ ഭേദഗതി ബിൽ പ്രക്ഷോഭത്തെത്തുടർന്ന് സന്തോഷ് ട്രോഫി മത്സരങ്ങൾ മിസോറാമിൽനിന്ന് മാറ്റുന്നതിനെക്കുറിച്ച് ഫെഡറേഷൻ നേരത്തെ ആലോചിച്ചിരുന്നു. വേദിയൊരുക്കാൻ തയാറാണെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അറിയിക്കുകയും ചെയ്തു. ഇതിനിടെയാണ് മത്സരങ്ങൾ ഏപ്രിലിലേക്ക് നീട്ടിവച്ചത്.