മായങ്ക്, പന്ത് തിളങ്ങി
Monday, February 17, 2020 12:29 AM IST
ഹാമിൽട്ടണ്: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരന്പരയ്ക്ക് മുന്നോടിയായുള്ള ത്രിദിന സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് സമനില. ന്യൂസിലൻഡ് എയുമായുള്ള മത്സരത്തിൽ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 252 റണ്‍സെടുത്ത് നിൽക്കെയാണ് മത്സരം സമനിലയിലായത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 263ന് എതിരേ ന്യൂസിലൻഡ് എ 235 റണ്‍സിനു പുറത്തായിരുന്നു.
രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്കായി മായങ്ക് അഗർവാളും ഋഷഭ് പന്തും അർധസെഞ്ചുറി നേടി. മായങ്ക് 99 പന്തിൽ 10 ഫോറും മൂന്നു സിക്സും ഉൾപ്പെടെ 81 റണ്‍സ് നേടി. പിറന്നാൾ ദിനത്തിലായിരുന്ന മായങ്കിന്റെ അർധ സെഞ്ചുറി. ഋഷഭ് 65 പന്തിൽ നാലു വീതം ഫോറും സിക്സും സഹിതം 70 റണ്‍സ് നേടി. കിവീസിനായി ഡാരിയൽ മിച്ചെൽ മൂന്നു വിക്കറ്റ് വീഴ്ത്തി.
ഹനുമ വിഹാരിയുടേയും (101), ചേതേശ്വർ പൂജാരയുടേയും (93) മികവിലാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 263 റണ്‍സ് നേടിയത്. 40 റണ്‍സെടുത്ത ഹെൻട്രി കൂപ്പറാണ് ന്യൂസിലൻഡ് എയുടെ ഒന്നാം ഇന്നിംഗ്സിലെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി മുഹമ്മദ് ഷാമി മൂന്നും ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, നവ്ദീപ് സൈനി എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.