‘മ്യൂണിക്ക് ഹീറോ’ ഓർമയായി
Tuesday, February 18, 2020 12:09 AM IST
ലണ്ടൻ: 1958 ഫെബ്രുവരി ആറിനു നടന്ന മ്യൂണിക്ക് വിമാനാപകടത്തിൽ ഹീറോ ആയി ആളുകളുടെ ജീവൻ രക്ഷിച്ച ഹാരി ഗ്രേഗ് (87) അന്തരിച്ചു.
അന്നത്തെ വിമാനാപകടത്തിൽപ്പെട്ട് എട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ കൊല്ലപ്പെട്ടിരുന്നു. അന്ന് യുണൈറ്റഡിന്റെ ഗോളിയായിരുന്ന ഗ്രേഗ് ഒരു അമ്മയെയും അവരുടെ പെണ്കുഞ്ഞിനെയും തന്റെ ടീം അംഗങ്ങളായ ബോബി കാർൾട്ടണ്‍, ജാക്കി ബ്രാച്ച്ഫ്ളവർ, മാനേജർ മാറ്റ് ബസ്ബെ എന്നിവരെയും വിമാനാവശിഷ്ടങ്ങൾക്കിടയിൽനിന്ന് രക്ഷപ്പെടുത്തിയിരുന്നു. ബസ്ബെ ബേബീസ് എന്നായിരുന്നു അന്നത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം അറിയപ്പെട്ടിരുന്നത്.
വിമാനാപകടം കഴിഞ്ഞ് 13-ാം ദിനം ഗ്രേഗ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഷെഫീൽഡിനെതിരേ ഇറങ്ങിയിരുന്നു. 1957ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരുന്പോൾ അന്ന് ലോകത്തിലെ ഏറ്റവും വിലയേറിയ ഗോളിയായിരുന്നു അദ്ദേഹം. 23,500 പൗണ്ട് ആയിരുന്നു അന്ന് കരാർ തുക. 1957-66 കാലഘട്ടത്തിലായി 247 മത്സരങ്ങളിൽ യുണൈറ്റഡിനായി ഇറങ്ങിയിട്ടുണ്ട്. നോർത്തേണ്‍ അയർലൻഡിന്റെ ദേശീയ കുപ്പായത്തിൽ 25 മത്സരങ്ങളിലും ഗ്രേഗ് കളത്തിലിറങ്ങി.