വീണ്ടും വന്പൻ അട്ടിമറി
Thursday, February 20, 2020 11:57 PM IST
ലണ്ടൻ/മിലാൻ: ചാന്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ആദ്യപാദ പ്രീക്വാർട്ടറിൽ രണ്ട് അട്ടിമറികൾകൂടി നടന്നു. ഇറ്റാലിയൻ സംഘമായ അത്ലാന്ത 4-1ന് സ്പാനിഷ് ക്ലബ് വലൻസിയയെ ഹോം മത്സരത്തിൽ തകർത്തു. ജർമൻ ക്ലബ്ബായ ലീപ്സിഗ് എവേ പോരാട്ടത്തിൽ ടോട്ടനത്തെ 1-0നു കീഴടക്കി. ലിവർപൂളിനെ 1-0ന് അത്ലറ്റിക്കോ മാഡ്രിഡും പിഎസ്ജിയെ 2-1ന് ഡോർട്ട്മുണ്ടും കീഴടക്കിയതിന്റെ പിറ്റേദിനമായിരുന്നു ലീപ്സിഗിന്റെയും അത്ലാന്തയുടെയും അട്ടിമറി അരങ്ങേറിയത്.
മൗറീഞ്ഞോയുടെ മുറിവ്
ഹൊസെ മൗറീഞ്ഞോയുടെ ശിക്ഷണത്തിലിറങ്ങിയ ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനത്തിനു സ്വന്തം കാണികളുടെ മുന്നിൽ മുറിവേൽപ്പിച്ചാണ് ലീപ്സിഗ് ജയമാഘോഷിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷം 58-ാം മിനിറ്റിൽ പെനൽറ്റിയിലൂടെ തിമോ വെർണർ ലീപ്സിഗിന്റെ ജയം കുറിച്ച ഗോൾ നേടി.
ചാന്പ്യൻസ് ലീഗ് നോക്കൗട്ടിൽ മൗറീഞ്ഞോയുടെ ശിക്ഷണത്തിൽ ഇറങ്ങുന്ന ടീം ഹോം മത്സരത്തിൽ പരാജയപ്പെടുന്നത് ഇത് മൂന്നാം തവണയാണ്. ചെൽസി (2006), റയൽ മാഡ്രിഡ് (2011) എന്നിവയ്ക്കൊപ്പമായിരുന്നു മൗറീഞ്ഞോയുടെ ഹോം തോൽവി. ഹോം മത്സരത്തിൽ പരാജയപ്പെട്ടപ്പോഴെല്ലാം മൗറീഞ്ഞോയുടെ ടീം പുറത്തായിട്ടുമുണ്ട്.
ഹൻസ് ഡബിൾ
ഹൻസ് ഹെയ്റ്റ്ബോറിന്റെ ഇരട്ട ഗോളാണ് വലൻസിയയ്ക്കെതിരേ അത്ലാന്തയുടെ ഹോം ജയത്തിനു കരുത്തേകിയത്. 16, 62 മിനിറ്റുകളിലായിരുന്നു ഹൻസിന്റെ ഗോളുകൾ. ജോസിപ് ഇലിസിച്ച് (42), റെമോ ഫ്രെവുലർ (57) എന്നിവരും ഇറ്റാലിയൻ സംഘത്തിനായി ലക്ഷ്യംകണ്ടു. 66-ാം മിനിറ്റിൽ ഡെന്നിസ് ചെറിഷേവിന്റെ വകയായിരുന്നു വലൻസിയയുടെ ഗോൾ.