സൗജന്യ ഭക്ഷണം നൽകി അലീം ദാര്‍
Saturday, March 28, 2020 11:59 PM IST
ലാഹോര്‍: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം ജോലി നഷ്ടമായവര്‍ക്ക് സഹായവുമായി പാകിസ്ഥാന് അമ്പയര്‍ അലീം ദാര്‍. ഇത്തരക്കാര്‍ക്ക് ലാഹോറിലെ തന്റെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റില്‍ സൗജന്യ ഭക്ഷണം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘ദാര്‍സ് ഡിലൈറ്റോ’ എന്ന അലിം ദാറിന്റെ റസ്റ്ററന്റില്‍ നിയന്ത്രണങ്ങള്‍ കാരണം ജോലി നഷ്ടമായവര്‍ക്ക് വന്ന് സൗജന്യമായി ഭക്ഷണം കഴിക്കാമെന്ന് അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.
നേരത്തെ പാകിസ്ഥാന് താരം ഷാഹിദ് അഫ്രിദിയും കോവിഡ്19 നിയന്ത്രണങ്ങള്‍ കാരണം കഷ്ടപ്പെടുന്നവര്‍ക്ക് ഭക്ഷണവും മറ്റും വിതരണം ചെയ്തിരുന്നു. മതങ്ങളെക്കുറിച്ചോ സാമ്പത്തിക നിലവാരങ്ങളെക്കുറിച്ചോ ചിന്തിക്കാതെ മനുഷ്യര്‍ ഒന്നടങ്കം പരസ്പരം സഹായിക്കേണ്ട സമയമാണിതെന്ന് മുന്‍ പാക്കിസ്ഥാന് പേസര്‍ ഷൊയ്ബ് അക്തര്‍ പറഞ്ഞു.