ഇന്ന് കിക്കോഫ്
Saturday, May 16, 2020 12:21 AM IST
മ്യൂണിച്ച്: കൊറോണ വൈറസിന്റെ കണ്ണി പൊട്ടിച്ച് ജർമൻ ബുണ്ടസ് ലിഗയിൽ ഇന്ന് ലോക്ക് ഡൗൺ കാലത്തിലെ കിക്കോഫ്. കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരിക്കുകയായിരുന്ന ബുണ്ടസ് ലിഗ ഇന്ന് പുനരാരംഭിക്കും. ഇന്ത്യയിലും ബുണ്ടസ് ലിഗ ടെലികാസ്റ്റ് ചെയ്യുന്നുണ്ട് എന്നത് കായിക പ്രേമികൾക്ക് സന്തോഷമേകുന്നു.
ഇന്ത്യൻ സമയം രാത്രി ഏഴിനും പത്തിനുമായി ആറ് മത്സരങ്ങളാണ് ഇന്ന് ജർമനിയിൽ നടക്കുക. ലീഗ് കിരീടത്തിനായി ശക്തമായ പോരാട്ടമാണ് ബുണ്ടസ് ലിഗയിലുള്ളത്. 25 മത്സരങ്ങൾ പൂർത്തിയായപ്പോൾ ബയേണ്‍ മ്യൂണിക്ക് (55 പോയിന്റ്), ബൊറൂസിയ ഡോർട്ട്മുണ്ട് (51), ലൈപ്സിഗ് (50), മോണ്ഹെൻഗ്ലഡ്ബാക് (49), ലെവർകൂസൻ (47) എന്നിവ ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ട്. ഡോർട്ട്മുണ്ട്, ലൈപ്സിഗ്, മോണ്ഹെൻഗ്ലഡ്ബാക് എന്നിവ ഇന്ന് ഇറങ്ങും. കൊറോണ ലോക്ക് ഡൗണിനുശേഷം ബയേണിന്റെ ആദ്യ മത്സരം നാളെ യൂണിയൻ ബർലിനെതിരേയാണ്. ലെവർകൂസന്റെ മത്സരം ചൊവ്വാഴ്ച നടക്കും.
യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിലുള്ള ബുണ്ടസ് ലിഗ പുനരാരംഭിക്കുന്നത് മറ്റ് ലീഗുകൾക്കും ആവേശം പകരും. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, സ്പാനിഷ് ലാ ലിഗ, ഇറ്റാലിയൻ സീരി എ എന്നിവ അടുത്ത മാസം തുടങ്ങാനുള്ള തയാറെടുപ്പിലാണ്. അതേസമയം, ടോപ് ഫൈവിലുള്ള ഫ്രഞ്ച് ലീഗ് വണ്‍ സീസണ് പുനരാരംഭിക്കില്ല. ഈ സീസണ് ചാന്പ്യന്മാരായി പിഎസ്ജിയെ പ്രഖ്യാപിച്ച് ലീഗ് വണ്‍ അവസാനിപ്പിച്ചിരുന്നു.
ഓഗ്സ്ബർഗ് x വൂൾവ്സ്ബർഗ്, ഹെർത x ഹൊഫെൻഹീം, ഡോർട്ട്മുണ്ട് x ഷാൽക്കെ, ഡുസൽഡോഫ് x പഡേർബോണ്, ലൈപ്സിഗ് x ഫ്രൈബർഗ്, ഫ്രാങ്ക്ഫർട്ട് x മോണ്ഹെൻഗ്ലഡ്ബാക് മത്സരങ്ങളാണ് ഇന്ന് ബുണ്ടസ് ലിഗയിൽ നടക്കുക. ജയത്തോടെ ബയേണുമായുള്ള പോയിന്റ് വ്യത്യാസം കുറയ്ക്കാനുള്ള ശ്രമമാണ് ബൊറൂസിയയടക്കമുള്ള മുൻനിര ക്ലബ്ബുകൾക്കുള്ളത്.
എർലിംഗ് ഹാലൻഡ്
ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ നോർവേക്കാരൻ സൂപ്പർ താരം എർലിംഗ് ഹാലൻഡിലാകും ഇന്ന് ഫുട്ബോൾ ലോകം ഉറ്റുനോക്കുക. സ്പാനിഷ് വന്പന്മാരായ റയൽ മാഡ്രിഡ് അടക്കമുള്ള ക്ലബ്ബുകൾ ഹാലൻഡിനെ നോട്ടമിട്ടിട്ടുണ്ട്. ഈ വർഷം ആദ്യമാണ് ഓസ്ട്രിയൻ ക്ലബ്ബായ റെഡ് ബുൾ സൽസ്ബർഗിൽനിന്ന് ഹാലൻഡ് ഡോർട്ട്മുണ്ടിലെത്തിയത്. തുടർന്ന് 11 മത്സരങ്ങളിൽനിന്ന് 12 ഗോൾ ഈ പത്തൊന്പതുകാരൻ നേടിക്കഴിഞ്ഞു.
ബയേണ്‍ മ്യൂണിക്കിന്റെ റോബർട്ട് ലെവൻഡോവ്സ്കി, തോമസ് മ്യൂളർ, സെർജി ഗ് നാബറി, ഡോർട്ട്മുണ്ടിന്റെ സാഞ്ചോ, തോർഗൻ ഹസാർഡ്, ലീപ്സിഗിന്റെ തിമൊ വെർണർ ഡാനി ഒൾമോ തുടങ്ങിയവരെല്ലാം ബുണ്ടസ് ലിഗയ്ക്ക് തിളക്കമേകുന്ന താരങ്ങളാണ്.
പേസ്റ്റ് മേടിച്ച് കുരുക്കിൽ
മ്യൂണിച്ച്: ജർമൻ ബുണ്ടസ് ലിഗ കൊറോണ ലോക്ക് ഡൗണിനുശേഷം ഇന്ന് തുടങ്ങാനിരിക്കേ ഓഗ്സ്ബർഗ് എഫ്സിയുടെ പരിശീലകൻ ഹെയ്കോ ഹെർലിച്ചിനു കഷ്ടകാലം. ഓഗ്സ്ബർഗ് പരിശീലകനെന്ന നിലയിലെ ആദ്യമത്സരം തന്നെ പുറത്തിരിക്കേണ്ട ഗതികേടിലാണ് അദ്ദേഹം. ക്വാറന്റൈൻ ചട്ടം ലഘിച്ച് ടീം ഹോട്ടലിൽ നിന്ന് തൊട്ടടുത്ത സൂപ്പർ മാർക്കറ്റിൽ ടൂത്ത്പേസ്റ്റ് വാങ്ങാൻ പോയ ഹെയ്കോ ഹെർലിച്ചിനെതിരേ നടപടി. ഇന്നു നടക്കാനിരിക്കുന്ന വൂൾവ്സ്ബർഗിനെതിരായ മത്സരത്തിൽ ഹെർലിച്ചിന് പങ്കെടുക്കാനാകില്ല. ബയർ ലെവർകൂസനിൽനിന്ന് മാർച്ച് 10നാണ് ഹെർലിച്ച് ക്ലബ്ബിന്റെ പരിശീലകനായി നിയമിതനായത്.