വെരി വെരി സ്പെഷൽ ഓട്ടോ ‘ചങ്ങാതി’
Tuesday, May 19, 2020 12:33 AM IST
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഒരു കാലത്ത് വെരി വെരി സ്പെഷൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന താരമാണ് വി.വി.എസ്. ലക്ഷ്മണ്. കൊറോണ വൈറസ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം ലോക്ക് ഡൗണിൽ തുടരവേ ഒരു മലയാളി ഓട്ടോ ഡ്രൈവറെ അഭിനന്ദിച്ച് ലക്ഷ്മണ് ട്വീറ്റ് ചെയ്തു.
കോട്ടയം കുമരകത്ത് ആളുകൾക്ക് സൗജന്യമായി വീട്ടു സാധനങ്ങളും മരുന്നും എത്തിച്ചു നല്കി വാർത്തകളിൽ നിറഞ്ഞ ഓട്ടോ ഡ്രൈവറായ വി.ജി. അജയനെയാണ് വി.വി.എസ് ട്വിറ്ററിലൂടെ അഭിനന്ദിച്ചത്. വിളിച്ച് പറയുകയോ വാട്സ് ആപ്പ് ചെയ്യുകയോ ചെയ്താൽ ചങ്ങാതി എന്ന തന്റെ ഓട്ടോയിൽ അജയൻ സാധനങ്ങളുമായി വീട്ടുപടിക്കലെത്തും. ഓട്ടോ ചാർജ് ഈടാക്കിയിരുന്നില്ല. ലോക്ക് ഡൗണ്‍ കാലത്ത് വീടുകളിൽ കുടുങ്ങിപ്പോയവർക്ക്, പ്രത്യേകിച്ചും പ്രായമായവർക്കും കൊച്ചു കുട്ടികൾ ഉള്ളവർക്കും അജയന്റെ സേവനം ഏറെ സഹായകരമാണെന്ന് ലക്ഷ്മണ് ട്വീറ്റ് ചെയ്തു.