ബയേണ്‍, മ്യൂളർ, ലെവൻഡോവ്സ്കി...
Monday, June 29, 2020 12:30 AM IST
മ്യൂണിക്: ജർമൻ ബുണ്ടസ് ലിഗ 2019-20 സീസണിനു കൊടിയിറങ്ങി. സീസണ് അവസാനിക്കുന്നതിനു മുന്‍പുതന്നെ കിരീടം ഉറപ്പിച്ച ബയേണ്‍ മ്യൂണിക്ക് അവസാന മത്സരത്തിൽ വൂൾവ്സ്ബർഗിനെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് കീഴടക്കി. കോൾമാൻ, കുയിസൻസ്, ലെവൻഡോവ്സ്കി, തോമസ് മ്യൂളർ എന്നിവരായിരുന്നു ബയേണിനായി വലകുലുക്കിയത്. ഇതോടെ സീസണിൽ 100 ഗോളും ബയേണ്‍ പൂർത്തിയാക്കി. തുടർച്ചയായ എട്ടാമതും ആകെ 29-ാം തവണയുമാണ് ബയേണ്‍ ചാന്പ്യന്മാരാകുന്നത്.
ആദ്യ ഗോളിനു വഴിതെളിച്ച തോമസ് മ്യൂളർ ബുണ്ടസ് ലിഗ റിക്കാർഡിനും ഉടമയായി. ഒരു സീസണിൽ ഏറ്റവും അധികം ഗോൾ അസിസ്റ്റ് (21) എന്ന റിക്കാർഡാണ് മ്യൂളർ കുറിച്ചത്. കെവിൻ ഡി ബ്രൂയിന്റെ പേരിലായിരുന്നു (20) ഇതുവരെ റിക്കാർഡ്. സീസണിൽ 34 ഗോളുമായി റോബർട്ട് ലെവൻഡോവ്സ്കി അഞ്ചാം തവണയും ടോപ് സ്കോററായി. തുടർച്ചയായ മൂന്നാം തവണയാണ് പോളിഷ് താരം ഈ റിക്കാർഡ് കുറിച്ചത്.
34 മത്സരങ്ങളിൽനിന്ന് 82 പോയിന്റുമായാണ് ബയേണ്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. രണ്ടാം സ്ഥാനക്കാരായ ബൊറൂസിയ ഡോർട്ട്മുണ്ട് അവസാന മത്സരത്തിൽ ഹൊഫെൻഹീമിനോട് പരാജയപ്പെട്ടു. 69 പോയിന്റാണ് അവർക്കുള്ളത്. ലൈപ്സിംഗാണ് മൂന്നാമത്. ഡുസൽഡോർഫ്, പഡേർബോണ് എന്നിവ തരം താഴ്ത്തപ്പെട്ടു.