യുവി-കൈഫ് ഷോയും ദാദയുടെ ജഴ്സി കറക്കലും
Monday, July 13, 2020 12:15 AM IST
സച്ചിൻ പുറത്തായാൽ കളി തോറ്റെന്ന് വിശ്വസിച്ചിരുന്ന ഇന്ത്യ... സച്ചിനു പറ്റാത്തിടത്ത് സൗരവ് ഗാംഗുലിയുടെ ചില പ്രകടനങ്ങളിൽ ആശ്വാസം കണ്ടെത്തിയിരുന്ന ഇന്ത്യ... പിന്തുടർന്നു ജയിക്കാൻ അറിയാത്ത ഇന്ത്യ... സച്ചിൻ പുറത്തായാൽ ടെലിവിഷൻ ഓഫ് ചെയ്ത് നിരാശയോടെ നടന്നകലുന്ന ആരാധകരുള്ള ഇന്ത്യ... അതായിരുന്നു തൊണ്ണൂറുകളിലെയും രണ്ടായിരങ്ങളുടെ തുടക്കത്തിലെയും ടീം ഇന്ത്യ... എന്നാൽ, 2002 ജൂലൈ 13ന് ലോഡ്സിൽ ഒരു അദ്ഭുതം നടന്നു. രണ്ട് യുവതാരങ്ങൾ ജ്വലിച്ചുയർന്നപ്പോൾ നാറ്റ്വെസ്റ്റ് സീരീസ് ഏകദിന ക്രിക്കറ്റ് കിരീടത്തിൽ ഇന്ത്യ വെന്നിക്കൊടി പാറിച്ചു. ആവേശഭരിതനായ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ലോഡ്സിന്റെ ബാൽക്കണിയിൽനിന്ന് ജഴ്സി ഉൗരി ആനന്ദനൃത്തമാടി. ആ നൃത്തവും കിരീട ജയവും ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം പിന്നീട് ഉയർത്തുന്നതാണ് ലോകം കണ്ടത്.

യുവരാജ് സിംഗ് - മുഹമ്മദ് കൈഫ് കൂട്ടുകെട്ടിന്റെ ചരിത്രപരമായ ലോഡ്സ് ചേസിംഗിന് ഇന്ന് 18-ാം വാർഷികം. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 326 റണ്സ് എന്ന അക്കാലത്തെ പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ ടീം 24 ഓവറിൽ അഞ്ചിന് 146 എന്ന നിലയിൽ തകർന്നു. അവിടെനിന്നാണ് യുവി-കൈഫ് ഷോ ആരംഭിച്ചത്. 14 റണ്സുമായി അഞ്ചാം വിക്കറ്റിന്റെ രൂപത്തിൽ സച്ചിൻ തെണ്ടുൽക്കർ പുറത്തായതോടെ ആരാധകരിൽ പലരും ഇന്ത്യ പരാജയപ്പെട്ടെന്ന് വിശ്വസിച്ചു. എന്നാൽ, യുവരാജും (63 പന്തിൽ 69), കൈഫും (75 പന്തിൽ 87 നോട്ടൗട്ട്) ചേർന്ന് ഇന്ത്യയെ വിജയതീരത്തേക്ക് എത്തിക്കുന്നതാണ് പിന്നീട് കണ്ടത്. 106 പന്ത് നേരിട്ട യുവി-കൈഫ് സഖ്യം ആറാം വിക്കറ്റിൽ നേടിയത് 121 റണ്സ്. മൂന്ന് പന്ത് ബാക്കിനിൽക്കേ ഇന്ത്യയെ രണ്ട് വിക്കറ്റ് ജയത്തിലെത്തിച്ച കൈഫ് കളിയിലെ താരമായി. ട്രെസ്കോത്തിക്കിന്റെയും (109), നാസർ ഹുസൈന്റെയും (115) സെഞ്ചുറി മികവിലായിരുന്നു ഇംഗ്ലണ്ട് 50 ഓവറിൽ അഞ്ച് വിക്കറ്റിന് 325 റണ്സ് എടുത്തത്. മറുപടിയിൽ ഓപ്പണർമാരായ വിരേന്ദർ സെവാഗും (45), ഗാംഗുലിയും (60) ഒന്നാം വിക്കറ്റിൽ 106 റണ്സ് എടുത്തശേഷം ഇന്ത്യക്ക് വഴിതെറ്റുകയായിരുന്നു.
1983 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടതിനുശേഷം ലോഡ്സിൽ ഇന്ത്യയുടെ ഏറ്റവും മികച്ച കിരീട ജയമായിരുന്നു 2002ലേത്. 1996, 1999 ലോകകപ്പുകൾക്കിടെ (സിംബാബ്വെ, ബംഗ്ലാദേശ് എന്നിവയൊഴികെ) ചേസിംഗിൽ സച്ചിൻ അർധസെഞ്ചുറിപോലും നേടാത്ത സാഹചര്യത്തിൽ ഇന്ത്യക്ക് രണ്ട് ജയം മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. 1999 ജനുവരി 31നും 2002 ജൂലൈ 13നും ഇടയിലായി ഇന്ത്യ തുടർച്ചയായി ഒന്പത് ഏകദിന ഫൈനലുകളിൽ പരാജയപ്പെട്ടു, അതിൽ അഞ്ച് തോൽവി ലക്ഷ്യം പിന്തുടരുന്നതിനിടെയായിരുന്നു. അതിനെല്ലാം അവസാനം കുറിക്കുന്നതായിരുന്നു നാറ്റ്വെസ്റ്റ് സീരീസ് കിരീടം.
അനീഷ് ആലക്കോട്