സോബേഴ്സ്, ദ ഓൾറൗണ്ടർ
Monday, July 27, 2020 11:52 PM IST
ഭൂഗോളത്തിലെ അതുല്യനായ ക്രിക്കറ്റ് കളിക്കാരൻ- വെസ്റ്റ് ഇൻഡീസിന്റെ ഇതിഹാസ താരമായ സർ ഗാരിഫീൽഡ് സോബേഴ്സ് എന്ന ഗാരി സോബേഴ്സിനെക്കുറിച്ച് ക്രിക്കറ്റ് കണ്ട ഏറ്റവും മഹാനായ താരമായ ഓസ്ട്രേലിയയുടെ ഡോണ്‍ ബ്രാഡ്മാൻ പറഞ്ഞതാണിത്. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മഹാനായ ഓൾ റൗണ്ടറായ സോബേഴ്സിന് ഇന്ന് 84-ാം പിറന്നാൾ.
തന്റെ 21-ാം വയസിൽ കന്നി സെഞ്ചുറിനേട്ടം 365ൽവരെ എത്തിച്ച് ചരിത്രം കുറിച്ച താരമാണ് സോബേഴ്സ്. 1958 ഫെബ്രുവരിയിൽ കുറിക്കപ്പെട്ട 365 റണ്‍സ് ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായി 36 വർഷം നിലനിന്നു. 1954 മുതൽ 1974 വരെ 93 ടെസ്റ്റിൽ വിൻഡീസിനായി ഇറങ്ങിയ സോബേഴ്സ് ടെസ്റ്റിൽ 26 സെഞ്ചുറിയും 30 അർധസെഞ്ചുറിയുമടക്കം 8032 റണ്‍സ് സ്വന്തമാക്കി.
ആക്രമണ ബാറ്റിംഗിന്റെ സൗന്ദര്യം വെളിപ്പെടുത്തിയ സോബേഴ്സ് ആണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഓവറിൽ ആറ് പന്തും ആദ്യമായി സിക്സർ പറത്തിയത്. ഇടംകൈ മീഡിയം ഫാസ്റ്റ്, ചൈനാമൻ, ഓർത്തഡോക്സ് സ്പിന്നുകളുമായി ബൗളിംഗിലെ അനന്തസാധ്യതയുമായി. ക്ലോസ് ഫീൽഡ് ക്യാച്ചിൽ അതിപ്രഗൽഭനായിരുന്ന സോബേഴ്സിന്റെ അക്കൗണ്ടിൽ 109 ക്യാച്ചുകളാണുള്ളത്. 235 വിക്കറ്റും സ്വന്തമായുണ്ട്.