മെസി നന്പർ 1
Tuesday, September 15, 2020 11:16 PM IST
ബാഴ്സലോണ: മെസി ആരാധകർക്കു സന്തോഷ വാർത്ത. ഈ വർഷം ഏറ്റവുമധികം വരുമാനമുള്ള ഫുട്ബോൾ കളിക്കാരുടെ പട്ടികയിൽ സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയുടെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി ഒന്നാം സ്ഥാനത്ത്. ഫോബ്സ് മാഗസിന്റെ പട്ടികയിലാണിത്.
ഇറ്റാലിയൻ ക്ലബ് യുവന്റസിന്റെ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണു മെസി ഒന്നാം സ്ഥാനം നേടിയത്. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ ബ്രസീൽ താരം നെയ്മർ, ഫ്രഞ്ച് താരം കൈലിയൻ എംബാപ്പെ എന്നിവരാണു പട്ടികയിൽ മൂന്നും നാലും സ്ഥാനങ്ങളിൽ. ഇംഗ്ലീഷ് ക്ലബ്ബായ ലിവർപൂളിന്റെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലയാണ് അഞ്ചാം സ്ഥാനത്ത്. ഏറ്റവുമധികം വരുമാനമുള്ള ആഫ്രിക്കൻ താരവും സലയാണ്.
ഇത്തവണ ബാഴ്സലോണ വിടാനുള്ള സജീവനീക്കം നടത്തിയ മെസിയുടെ വരുമാനം 927 കോടി രൂപയാണ്. ഇതിൽ 677 കോടി രൂപ ശന്പളയിനത്തിലാണെന്നും ഫോബ്സ് വ്യക്തമാക്കി. രാജ്യാന്തര ഫുട്ബോളിൽ 100 ഗോൾ എന്ന നാഴികക്കല്ല് ഈ മാസമാദ്യം പിന്നിട്ട റൊണാൾഡോയുടെ ഇത്തവണത്തെ വാർഷിക വരുമാനം ശന്പളയിനത്തിലെ 515 കോടി അടക്കം 861 കോടി രൂപയാണ്.
ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം പോൾ പോഗ്ബ (250 കോടി രൂപ), ബാഴ്സലോണയുടെ ഫ്രഞ്ച് താരം ആൻത്വാൻ ഗ്രീസ്മാൻ (242 കോടി), സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്റെ വെയ്ൽസ് താരം ഗാരെത് ബെയ്ൽ (213 കോടി), ജർമൻ ക്ലബ് ബയേണ് മ്യൂണിക്കിന്റെ പോളിഷ് താരം റോബർട്ട് ലെവൻഡോവ്സ്കി (206 കോടി), മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്പാനിഷ് ഗോളി ഡേവിഡ് ഡി ഗിയ (198 കോടി) എന്നിവരാണു യഥാക്രമം ആദ്യ പത്ത് സ്ഥാനങ്ങളിൽ. ഏറ്റവും അധികം പ്രതിഫലം പറ്റുന്ന ഗോളിയെന്ന നേട്ടം ഗിയയ്ക്കാണ്.