സച്ചിനെ മറികടന്ന രാഹുലാണു താരം
Friday, September 25, 2020 11:40 PM IST
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിന്റെ 13-ാം എഡിഷനിലെ ആദ്യ സെഞ്ചുറി സ്വന്തമാക്കിയ കിംഗ്സ് ഇലവണ്‍ പഞ്ചാബ് ക്യാപ്റ്റൻ കെ.എൽ. രാഹുലിനെത്തേടി രണ്ടു റിക്കാർഡുകളുമെത്തി.
ഐപിഎൽ ചരിത്രത്തിൽ വേഗത്തിൽ 2000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യൻ താരമെന്ന റിക്കാർഡായിരുന്നു അതിൽ ആദ്യത്തേത്. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറിന്റെ പേരിലായിരുന്ന റിക്കാർഡായിരുന്നു അത്. സച്ചിൻ 63 ഇന്നിംഗ്സിൽനിന്ന് 2000ൽ എത്തിയപ്പോൾ രാഹുലിന് ഈ നാഴികക്കല്ലിലെത്താൻ വേണ്ടിവന്നത് 60 ഇന്നിംഗ്സ് മാത്രം. വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ലിന്റെ (48 ഇന്നിംഗ്സിൽനിന്ന്) പേരിലാണ് വേഗത്തിൽ 2000 എന്ന റിക്കാർഡ്.
ഐപിഎൽ ചരിത്രത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റിക്കാർഡും മത്സരത്തിൽ രാഹുൽ കുറിച്ചു. 69 പന്തിൽനിന്ന് ഏഴു സിക്സും 14 ഫോറുമടക്കം 132 റണ്‍സുമായി രാഹുൽ പുറത്താകാതെനിന്നപ്പോൾ പഴങ്കഥയായത് ഡൽഹിയുടെ ഋഷഭ് പന്ത് 2018ൽ കുറിച്ച 128 നോട്ടൗട്ട് എന്ന സ്കോർ. രാഹുലിന്റെ കരുത്തിൽ കിംഗ്സ് ഇലവണ്‍ 20 ഓവറിൽ മൂന്നിന് 206 റണ്‍സ് സ്വന്തമാക്കി. 17 ഓവറിൽ 109 റണ്‍സിന് റോയൽ ചലഞ്ചേഴ് ബംഗളൂരുവിനെ എറിഞ്ഞിട്ട കിംഗ്സ് ഇലവണ്‍ 97 റണ്‍സ് ജയം സ്വന്തമാക്കുകയും ചെയ്തു.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നാലാമത്തെ വ്യക്തിഗത സ്കോറാണ് രാഹുലിന്റെ 132 നോട്ടൗട്ട്. ക്രിസ് ഗെയ്ൽ (175*), ബ്രെണ്ടൻ മക്കല്ലം (158*), എബി ഡിവില്യേഴ്സ് (133*) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.