ഗിൽ തകർത്തു
Wednesday, September 30, 2020 11:57 PM IST
ദുബായ്: ആദ്യം ബാറ്റ് കൊണ്ട് ശുഭ്മാന്‍ ഗിലും പിന്നീട് 2018 അണ്ടര്‍ 19 ലോകകപ്പ് ടീമിലെ സഹതാരങ്ങളായ ശിവം മാവിയും കമലേഷ് നാഗര്‍കോട്ടിയും പന്തുകൊണ്ടും മിന്നിയപ്പോള്‍ കോല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സിനു തുടർച്ചയായ രണ്ടാം ജയം. 37 റൺസിനാണ് കോൽക്കൊത്ത രാജസ്ഥാനെ തോൽപ്പിച്ചത്. 175 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ രാജസ്ഥാന് റോയല്‍സിന് 20 ഓവറിൽ ഒന്‍പത് വിക്കറ്റിന് 137 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ആദ്യം ബാറ്റ് ചെയ്ത കോല്‍ക്കൊത്ത 20 ഓവറില്‍ ആറു വിക്കറ്റിന് 174 റണ്‍സ് എടുത്തു.
ഫോമിലുള്ള സ്റ്റീവ് സ്മിത്തും സഞ്ജു സാംസണും പെട്ടെന്നു പുറത്തായതാണ് രാജസ്ഥാന്റെ തോല്‍വിക്കു കാരണമായത്. സഞ്ജു നേരിട്ട ആദ്യ പന്ത് ബൗണ്ടറി കടത്തി ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും അധികനേരം ക്രീസില്‍ ചെലവഴിക്കാനായില്ല. സ്കോര്‍ 39ലെത്തിയപ്പോള്‍ ജോസ് ബട്ലറെയും (21) നഷ്ടമായി. തട്ടിമുട്ടി കളിച്ച റോബിന് ഉത്താപ്പ (2), റിയാന്‍ പരാഗും (1) വേഗത്തില്‍ പുറത്തായതോടെ രാജസ്ഥാന് അഞ്ച് വിക്കറ്റിന് 42 റണ്‍സ് എന്ന നിലയിലായിരുന്നു. കഴിഞ്ഞ കളിയില്‍ സിക്സറുകളുമായി തകര്‍ത്തുകളിച്ച രാഹുല്‍ തെവാട്യയെയും (14) രാജസ്ഥാന് നഷ്ടമായി. നൂറു റണ്‍സ് പോലും കടക്കില്ലെന്നു കരുതിയ രാജസ്ഥാന് ടോം കറന്റെ (36 പന്തിൽ 54 നോട്ടൗട്ട്) പ്രകടനമാണ് സഹായമായത്. മാവിയും നാഗർകോട്ടിയും വരുൺ ചക്രവർത്തിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ശുഭ്മാൻ ഗിൽ (34 പന്തിൽ 47), ആന്ദ്രെ റസല്‍ (14 പന്തില്‍ 24), ഇയോൻ മോർഗൻ (23 പന്തിൽ 34 നോട്ടൗട്ട്) എന്നിവർ കോൽക്കൊത്തയ്ക്കായി ഭേദപ്പെട്ട പ്രകടനം നടത്തി. മൂന്നു തകര്‍പ്പന്‍ സിക്സുകളുമായി ആന്ദ്രെ റസല്‍ ബാറ്റിംഗ് വിരുന്നൊരുക്കുമെന്ന് കരുതിയെങ്കിലും അതുമുണ്ടായില്ല. അവസാന ഓവറുകളിൽ ഇയോന്‍ മോര്‍ഗനും നടത്തിയ പ്രകടനമാണ് കോൽക്കൊത്തയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്.