ലോകകപ്പ് ആവർത്തനം ഗ്രീസ്മാൻ, എംബാപ്പെ, ഫ്രാൻസ്
Friday, October 16, 2020 12:46 AM IST
സാഗ്രേബ് (ക്രൊയേഷ്യ): 2018 ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനലിന്റെ ആവർത്തനം വീണ്ടും അരങ്ങേറിയപ്പോൾ ജയം തുടർന്ന് ഫ്രാൻസ്. യുവേഫ നേഷൻസ് ലീഗ് എ ഗ്രൂപ്പ് മൂന്നിൽ നടന്ന പോരാട്ടത്തിൽ ക്രൊയേഷ്യയെ അവരുടെ നാട്ടിൽവച്ച് ഫ്രാൻസ് 2-1നു പരാജയപ്പെടുത്തി. ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനായി വലകുലുക്കിയ ആൻത്വാൻ ഗ്രീസ്മാൻ, കൈലിയൻ എംബാപ്പെ എന്നിവരാണ് നേഷൻസ് ലീഗിലും ലക്ഷ്യം കണ്ടത്. തോൽവിയറിയാതെ ഫ്രാൻസ് എട്ട് മത്സരങ്ങൾ പൂർത്തിയാക്കി.
റൊണാൾഡോ ഇല്ലെങ്കിലും പോർച്ചുഗൽ
കോവിഡ് സ്ഥിരീകരിക്കപ്പെട്ടതിനെത്തുടർന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ വിട്ടുനിന്നെങ്കിലും പോർച്ചുഗലിനു നിരാശപ്പെടേണ്ടിവന്നില്ല. നേഷൻസ് ലീഗ് എ ഗ്രൂപ്പ് മൂന്നിൽ പോർച്ചുഗൽ 3-0ന് സ്വീഡനെ മുട്ടുകുത്തിച്ചു. ഡീഗോ ജോട്ടയുടെ (44, 72 ) ഇരട്ട ഗോളാണ് പറങ്കിപ്പടയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. ബെർണാഡൊ സിൽവയുടെ (21) വകയായിരുന്നു ആദ്യ ഗോൾ. ഗ്രൂപ്പിൽ 10 പോയിന്റ് വീതവുമായി പോർച്ചുഗലും ഫ്രാൻസും യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളിൽ തുടരുന്നു.