കട ഇന്നടയ്ക്കും!
Saturday, October 17, 2020 12:18 AM IST
ദുബായ്: ഐപിഎൽ മിഡ് സീസണ് ട്രാൻസ്ഫർ വിൻഡോ ഇന്ന് അവസാനിക്കും. ചൊവ്വാഴ്ച മുതൽ ആരംഭിച്ച മിഡ് സീസണ് വിൻഡോ ആദ്യ നാല് ദിവസവും ഒരു ടീമും ഉപയോഗിച്ചില്ല. താരങ്ങളെ കൈമാറുക വഴി തങ്ങളുടെ തന്ത്രങ്ങൾ എതിർ ടീം മനസിലാക്കുമെന്ന ഭയമാണ് ഇടക്കാല ട്രാൻസ്ഫറിനോട് മുഖംതിരിക്കാൻ ഫ്രാഞ്ചൈസികളെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന.
ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു എന്നിവ ഇതിനോടകം ഒരു താരത്തെയും വിൽക്കുന്നില്ല എന്ന തീരുമാനം കൈക്കൊണ്ടിരുന്നു. ഡൽഹി ക്യാപ്പിറ്റൽസിന്റെ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്, ക്യാപ്റ്റർ ശ്രേയസ് അയ്യർ, അമിത് മിശ്ര, ഇഷാന്ത് ശർമ തുടങ്ങിയവർക്കെല്ലാം പരിക്കേറ്റതിനാൽ ഇടക്കാല ട്രാൻസ്ഫറിന്റെ സാധ്യത അവർ ഉപയോഗിച്ചേക്കുമെന്നു സൂചനയുണ്ട്. കിംഗ്സ് ഇലവണ്‍ പഞ്ചാബിന്റെ പേസർ ഷെൽഡണ്‍ കോട്രെലിനു പരിക്കേറ്റത് അവരെയും പ്രതിരോധത്തിലാക്കി.