പാന്റ്സ് മാറിപ്പോയാലെന്താ, കളി ജയിപ്പിച്ചില്ലേ
Sunday, October 18, 2020 12:30 AM IST
ആശാനേ മുണ്ട്... മുണ്ട്... എന്ന കോമഡി രംഗം മലയാളികളെ ഇന്നും ചിരിപ്പിക്കുന്നതാണ്. മുംബൈ ഇന്ത്യൻസ് x കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിൽ ഏകദേശം അതുപോലൊരു രസകരമായ സംഭവം അരങ്ങേറി.
മുംബൈയുടെ ഇന്നിംഗ്സ് ആംഭിക്കുന്നതിനു തൊട്ടുമുന്‍പായിരുന്നു അത്. 149 റണ്‍സ് എന്ന വിജയലക്ഷ്യത്തിനായി മുംബൈ ഇന്നിംഗ്സ് ആരംഭിക്കാൻ ഓപ്പണർമാരായ ക്വന്റണ്‍ ഡി കോക്കും രോഹിത് ശർമയും ക്രീസിലേക്ക്. മുംബൈ ടീമംഗമായ സൗരഭ് തിവാരി ഡികോക്കിനെയും രോഹിത്തിനെയും പിന്തുടർന്ന് അതിവേഗം മൈതാനത്തെത്തി എന്തോ പറഞ്ഞു.
ഡികോക്കിന്റെ ജഴ്സിയുടെ ലോവർ മാറിപ്പോയതായിരുന്നു തിവാരി മൈതാനത്തെത്താൻ കാരണം. തിരിച്ച് ഡ്രസിംഗ് റൂമിലേക്ക് പോകാൻ ദക്ഷിണാഫ്രിക്കൻ താരം തയാറായെങ്കിലും സമയം അതിക്രമിച്ചിരുന്നു. അതോടെ ഇൻസൈഡ് മാറ്റി ജഴ്സിയുടെ അപ്പർ, ലോവറിനു മുകളിലേക്ക് ഇട്ടു. ഇതുകണ്ട രോഹിത്തിനും തിവാരിക്കും ചിരിയടക്കാൻ കഴിഞ്ഞില്ല. പരിശീലനത്തിന് ഉപയോഗിക്കുന്ന ജഴ്സിയുടെ ലോവറാണ് ഡികോക്ക് ധരിച്ചിരുന്നത്.
ചിരിപ്പിച്ചുകൊണ്ട് ക്രീസിലെത്തിയ ഡികോക്ക് 44 പന്തിൽ മൂന്ന് സിക്സും ഒന്‍പത് ഫോറും അടക്കം 78 റണ്‍സുമായി പുറത്താകാതെ നിന്ന് കോൽക്കത്തയെ കരയിക്കുകയും മുംബൈയെ ഒന്നടങ്കം ചിരിപ്പിക്കുകയും ചെയ്തു. സംഗതി നന്നായെങ്കിലും മാർക്കറ്റിംഗുകാർക്ക് ഇഷ്ടപ്പെട്ടുകാണില്ലെന്നതായിരുന്നു മത്സരശേഷം മുംബൈ പരിശീലകൻ മഹേല ജയവർധനയുടെ രസികൻ വാക്കുകൾ. സ്കോർ: കോൽക്കത്ത 20 ഓവറിൽ 148/5. മുംബൈ 16.5 ഓവറിൽ 149/2. മുംബൈയുടെ തുടർച്ചയായ അഞ്ചാം ജയമാണ്. അവസാന രണ്ട് ജയത്തിലും മാൻ ഓഫ് ദ മാച്ച് ആയതും ഡികോക്ക് ആണ്.