തനി വഴിയേ കിഴക്കന്മാർ
Tuesday, November 17, 2020 11:57 PM IST
ഏൻ വഴി, തനി വഴി... ആരാധകരെ കോരിത്തരിപ്പിക്കുന്ന സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ സ്റ്റൈലാണത്. ഇന്ത്യൻ ഫുട്ബോളിലും രജനി സ്റ്റൈലിൽ ഒരു ടീമുണ്ട്, ഈസ്റ്റ് ബംഗാൾ. പേരിലേതുപോലെ അവരുടെ നിറത്തിനും കിഴക്കിന്റെ ലാഞ്ഛനയുണ്ട്. സൂര്യോദയം സൂചിപ്പിക്കുന്ന കത്തുന്ന മഞ്ഞയും ചുവപ്പും. ഐ ലീഗ് ഫുട്ബോളിലെ വന്പന്മാരിലൊന്നായിരുന്നു ഈസ്റ്റ് ബംഗാൾ. ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും കൊന്പുകോർക്കുന്ന കോൽക്കത്ത ഡെർബി അങ്ങ് ഫിഫയുടെ പട്ടികയിൽപോലും ഇടംപിടിച്ച വൈരങ്ങളിൽ ഒന്നാണ്.
ഐ ലീഗിലെ ഗ്ലാമർ സംഘമായിരുന്ന മോഹൻ ബഗാൻ ഐഎസ്എലിലെ കോൽക്കത്തൻ സാന്നിധ്യമായ എടികെയുമായി കൈകോർത്ത് എടികെ മോഹൻ ബഗാനായി. പക്ഷേ, ഈസ്റ്റ് ബംഗാൾ അത്തരമൊരു ലയനത്തിൽ വിശ്വസിച്ചില്ല. ഫലമോ, ഐഎസ്എലിലേക്ക് ഈസ്റ്റ് ബംഗാൾ സ്വന്തം നിലയിൽ എത്തി. പുതിയ ടീമുകൾക്കായുള്ള ബിഡിംഗിലൂടെ ആയിരിന്നു കിഴക്കന്മാരുടെ ഐഎസ്എൽ പ്രവേശനം. 2020-21 സീസണ് ഐഎസ്എലിൽ ഈസ്റ്റ് ബംഗാൾ അരങ്ങേറ്റം കുറിക്കും, ക്ലബ്ബിന്റെ 100-ാം വാർഷികത്തിലാണിതെന്നതും ശ്രദ്ധേയം.
1920 മുതൽ 2020 വരെ
ഈസ്റ്റ് ബംഗാൾ രൂപംകൊണ്ടതും രജനി സ്റ്റൈലിൽ ആയിരുന്നു. ആ ഫ്ളാഷ് ബാക്ക് ഇങ്ങനെ: 1920 ജൂലൈ 28, മോഹൻ ബഗാൻ x ജോറബഗാൻ കൂഛ്ബെഹർ പോരാട്ടം. ജോറബഗാന്റെ ടീമിൽനിന്ന് സ്റ്റാർ ഹാഫ്ബാക്ക് ആയ ശൈലേഷ് ബോസിനെ അകാരണമായി ഒഴിവാക്കി. ക്ലബ്ബിന്റെ അക്കാലത്തെ വൈസ് പ്രസിഡന്റായിരുന്ന സുരേഷ് ചന്ദ്ര ചൗധരി, ബോസിനെ ടീമിലെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. പിണങ്ങിപ്പിരിഞ്ഞ സുരേഷ് ചന്ദ്ര ചൗധരി, മൻമഥ നാഥ് ചൗധരി ഉൾപ്പെടെയുള്ള ഒരുപറ്റം പ്രമുഖരെ കൂട്ടി 1920 ഓഗസ്റ്റ് ഒന്നിന് പുതിയ ക്ലബ് രൂപീകരിച്ചു. കോൽക്കത്ത ജില്ലയുടെ കിഴക്ക് നഗരമായ ജോറാബഗാനിൽ രൂപംകൊണ്ട ടീമിന് ഈസ്റ്റ് ബംഗാൾ എന്ന് അവർ പേരിട്ടു. ക്ലബ് രൂപീകരിച്ചവരും കിഴക്കുനിന്നുള്ളവരായിരുന്നു എന്നതും മറ്റൊരു കാരണമായി.
ഇംഗ്ലീഷ് സ്റ്റൈൽ
ഐഎസ്എൽ അരങ്ങേറ്റത്തിനൊരുങ്ങുന്ന ഈസ്റ്റ് ബംഗാളിന്റെ കോച്ചിംഗ് ഡിപ്പാർട്ട്മെന്റിലും രജനി സ്റ്റൈൽ ഉണ്ട്. ഐഎസ്എലിലെ 11 ടീമുകളിൽ ഏഴെണ്ണത്തിന്റെയും മുഖ്യപരിശീലകർ സ്പെയിനിൽനിന്നുള്ളവരാണ്. ഐഎസ്എലിലെ ഈ സ്പാനിഷ് മേൽക്കോയ്മയിൽനിന്ന് ഈസ്റ്റ് ബംഗാൾ അകലം പാലിച്ചു. ഇംഗ്ലീഷ് സൂപ്പർ ക്ലബ്ബായ ലിവർപൂളിന്റെ സ്ട്രൈക്കറായിരുന്ന റോബീ ഫ്ളവറിനെയാണ് അവർ മുഖ്യപരിശീലകനാക്കിയത്. കഴിഞ്ഞ സീസണിൽ ടീമിനെ പരിശീലിപ്പിച്ച സ്പാനിഷുകാരനായ മാരിയൊ റിവേരയെ ഒഴിവാക്കിയാണ് റോബീ ഫ്ളവറിനെ തത്സ്ഥാനത്ത് എത്തിച്ചതെന്നതാണു ശ്രദ്ധേയം. റോബീ ഫ്ളവറിനൊപ്പമുള്ള എട്ട് അംഗ സഹപരിശീലകരിൽ ആറ് പേരും ഇംഗ്ലീഷുകാർ. ബാക്കി രണ്ടുപേർ ഇന്ത്യൻ പ്രതിനിധികളായ റെനെഡി സിംഗും അരിത്ര നഗും. ഐഎസ്എൽ ക്ലബ് ചരിത്രത്തിൽ ആദ്യമായി ഒരു ടീം സെറ്റ് പീസിനു മാത്രമായി കോച്ചിനെ നിയമിച്ചതും ഈസ്റ്റ് ബംഗാൾതന്നെ, ടെറി മക്ഫിലിപ്പ്.
ശങ്കർ റോയ് മുതൽ സി.കെ. വിനീത് വരെ
2020-21 സീസണ് ഐഎസ്എലിനുള്ള ടീമിനെ കഴിഞ്ഞ ദിവസം ഈസ്റ്റ് ബംഗാൾ പ്രഖ്യാപിച്ചു. സ്പെയിനിൽനിന്നുള്ള ഒരു താരംപോലും ടീമിലില്ല. വെയ്ൽസ്, അയർലൻഡ്, സ്കോട്ട്ലൻഡ്, ഓസ്ട്രേലിയ, ജർമനി, കോംഗോ എന്നിവിടങ്ങളിൽനിന്നുള്ളതാണു വിദേശ താരങ്ങൾ. ഓസ്ട്രേലിയയുടെ സ്കോട്ട് നെവില്ലെ, അയർലൻഡിന്റെ ആന്റണി ഫിൽകിംഗ്ടണ് എന്നിവരാണു ശ്രദ്ധേയരായ വിദേശതാരങ്ങൾ.
ഇരുപത്തഞ്ചുകാരനായ ശങ്കർ റോയ് ആണ് ടീമിന്റെ ഒന്നാം നന്പർ ഗോളി. മലയാളിയായ സി.കെ. വിനീത് സ്ട്രൈക്കർമാരുടെ പട്ടികയിൽ ഉണ്ട്. ഐഎസ്എലിലേക്കു കടക്കുന്നതിനു മാസങ്ങൾ മുന്പ് ക്ലബ്ബിലെത്തിയ മറ്റൊരു മലയാളിയായ റിനൊ ആന്റോ ഐഎസ്എൽ ഫസ്റ്റ് ടീമിലില്ല. പക്ഷേ, കരാർ നിലനിൽക്കും.
ഐഎസ്എൽ സന്നാഹമത്സരത്തിൽ 3-1ന് കേരള ബ്ലാസ്റ്റേഴ്സിനെ ഈസ്റ്റ് ബംഗാൾ കീഴടക്കിയപ്പോൾ രണ്ട് ഗോൾ ആന്റണി ഫിൽകിംഗ്ടണിന്റെ ബൂട്ടിൽനിന്നായിരുന്നു.
അനീഷ് ആലക്കോട്