ബെൽജിയം, ഇറ്റലി ഫൈനൽസിൽ
Thursday, November 19, 2020 11:32 PM IST
ലണ്ടൻ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ഫിഫ ലോക ഒന്നാം നന്പർ ടീമായ ബെൽജിയവും ഫൈനൽസിൽ പ്രവേശിച്ചു. ലീഗ് എ ഗ്രൂപ്പ് ഒന്നിലെ അവസാന മത്സരത്തിൽ ബോസ്നിയയെ 2-0നു കീഴടക്കിയാണ് ഇറ്റലി ഒന്നാം സ്ഥാനത്തോടെ ഫൈനൽസിനുള്ള ടിക്കറ്റ് കരസ്ഥമാക്കിയത്. ഗ്രൂപ്പ് രണ്ടിൽ അവസാന മത്സരത്തിൽ ഡെന്മാർക്കിനെ 4-2നു കീഴടക്കിയായിരുന്നു ബെൽജിയത്തിന്റെ ഫൈനൽ പ്രവേശനം.
ബെൽജിയത്തിനായി റൊമേലു ലുകാക്കു (57, 69) ഇരട്ട ഗോൾ നേടി. കെവിൻ ഡി ബ്രൂയിന്റെ വകയായിരുന്നു ഒരു ഗോൾ. യുവേഫ നേഷൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പൂർത്തിയായി. ഇറ്റലി, ബെൽജിയം, ഫ്രാൻസ്, സ്പെയ്ൻ എന്നീ ടീമുകൾ സെമിയിൽ പ്രവേശിച്ചു.
ഇംഗ്ലണ്ട്, ഹോളണ്ട് ജയിച്ചു
ലീഗ് എ ഗ്രൂപ്പ് രണ്ടിൽ അവസാന മത്സരത്തിൽ ഇംഗ്ലണ്ട് 4-0ന് ഐസ്ലൻഡിനെ കീഴടക്കി. ഫിൽ ഫോഡെൻ (80, 84) ഇംഗ്ലണ്ടിനായി ഇരട്ട ഗോൾ നേടി. ഗ്രൂപ്പിൽ രണ്ടും മൂന്നും സ്ഥാനക്കാരായ ഡെന്മാർക്കും ഇംഗ്ലണ്ടും ലീഗ് എയിൽ തുടർന്നപ്പോൾ അവസാന സ്ഥാനക്കാരായ ഐസ്ലൻഡ് തരം താഴ്ത്തപ്പെട്ടു.
ലീഗ് എ ഗ്രൂപ്പ് ഒന്നിൽ ഹോളണ്ട് 2-1ന് പോളണ്ടിനെ കീഴടക്കി. ഇറ്റലിക്കു പിന്നിൽ ഹോളണ്ട്, പോളണ്ട് എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളുമായി ലീഗ് എയിൽ തുർന്നു. ബോസ്നിയ ലീഗ് ബിയിലേക്ക് തരംതാഴ്ത്തപ്പെട്ടു.