ആൻഫീൽഡ് ചെന്പടയോട്ടം
Monday, November 23, 2020 11:43 PM IST
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ നിലവിലെ ചാന്പ്യന്മാരായ ലിവർപൂൾ സ്വന്തം തട്ടകമായ ആൻഫീൽഡിൽ ചരിത്രം കുറിച്ചു. ആൻഫീൽഡിൽ തോൽവി അറിയാതെ 64 മത്സരങ്ങൾ എന്ന പുതിയ ക്ലബ് റിക്കാർഡാണ് യർഗൻ ക്ലോപ്പിന്റെ കുട്ടികൾ കുറിച്ചത്.
1978-81 കാലഘട്ടത്തിൽ ചെന്പട കുറിച്ച അപരാജിത യാത്രാ റിക്കാർഡാണു ക്ലോപ്പിന്റെ സംഘം തിരുത്തിയത്. ലെസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ 3-0ന് വിജയിച്ചതോടെയായിരുന്നു ലിവർപൂളിന്റെ ഈ നേട്ടം. 1981ൽ ആൻഫീൽഡിൽ ജയം സ്വന്തമാക്കി ലെസ്റ്റർ ആയിരുന്നു അന്നത്തെ ലിവർപൂളിന്റെ ഹോം ജയ റിക്കാർഡിനു വിരാമമിട്ടത് എന്നതാണു രസകരം. 2017 ഏപ്രിൽ 23ന് ക്രിസ്റ്റർ പാലസിനോട് 2-1നു പരാജയപ്പെട്ടശേഷം ക്ലോപ്പിന്റെ കുട്ടികൾ ആൻഫീൽഡിൽ ഇതുവരെ തല കുനിച്ചിട്ടില്ല.
ലെസ്റ്ററിന്റെ ഇവാൻസിന്റെ സെൽഫിലൂടെ മുന്നിൽ കടന്ന ലിവർപൂളിനായി ഡീഗൊ ജോട്ട (41-ാം മിനിറ്റ്), ഫിർമിനോ (86-ാം മിനിറ്റ്) എന്നിവരും വല കുലുക്കി. ജയത്തോടെ ഒന്പത് മത്സരങ്ങളിൽനിന്ന് 20 പോയിന്റുമായി ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്തും ചെന്പടയെത്തി. ഇത്രയും പോയിന്റുള്ള ടോട്ടനം ഗോൾ ശരാശരിയുടെ ബലത്തിൽ ലീഗിന്റെ തലപ്പത്തുണ്ട്. 18 പോയിന്റ് വീതമുള്ള ചെൽസി, ലെസ്റ്റർ സിറ്റി എന്നിവയാണു മൂന്നും നാലും സ്ഥാനങ്ങളിൽ. മറ്റു മത്സരങ്ങളിൽ വെസ്റ്റ് ഹാം 1-0ന് ഷെഫീൽഡ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയപ്പോൾ ലീഡ്സ് യുണൈറ്റഡും ആഴ്സണലും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
മുൻനിര താരങ്ങളായ വിർജിൽ വാൻ ഡിക്, ട്രെന്റ് അലക്സാണ്ടർ അർനോൾഡ്, ജോ ഗോമസ്, ജോർഡൻ ഹെൻഡേഴ്സണ്, തിയാഗൊ അൽകാൻട്ര, മുഹമ്മദ് സല എന്നിവരില്ലാതെയാണു ലിവർപൂൾ ഇറങ്ങിയത്.