ദക്ഷിണേന്ത്യ ജൂണിയർ മീറ്റ് ആദ്യദിനം നാല് മീറ്റ് റിക്കാർഡ്
Saturday, February 27, 2021 12:41 AM IST
തേഞ്ഞിപ്പലം: ദക്ഷിണേന്ത്യ ജൂണിയർ അത്ലറ്റിക് മീറ്റിന്റെ ആദ്യദിനം നാലു മീറ്റ് റിക്കാർഡ്. തമിഴ്നാടാണ് മുന്നിൽ. കേരളം രണ്ടാമതും കർണാടക മൂന്നാമതും. ഒന്നാം സ്ഥാനത്തുള്ള തമിഴ്നാടിന് 12 സ്വർണവും 15 വെള്ളിയും അഞ്ചു വെങ്കലവും 218.5 പോയിന്റും. ഏഴു സ്വർണവും 10 വെള്ളിയും 14 വെങ്കലവും നേടി 197.5 പോയിന്റോടെയാണ് കേരളത്തിന്റെ രണ്ടാം സ്ഥാനം.
18 വയസിൽ താഴെ പെൺകുട്ടികളുടെ ലോംഗ്ജംപിൽ തെലുങ്കാനയുടെ അഗസാര നന്ദിനി (6.20 മീറ്റർ), 20 വയസിൽ താഴെ പെൺകുട്ടികളുടെ പോൾവോൾട്ടിൽ തമിഴ് നാടിന്റെ പവിത്ര വെങ്കടേശ് (3.80 മീറ്റർ), അണ്ടർ-20 ആൺകുട്ടികളുടെ ലോംഗ് ജംപിൽ തമിഴ്നാടിന്റെ ജസ്വിൻ ആൾഡ്രിൻ (7.97 മീറ്റർ), അണ്ടർ-18 പെൺകുട്ടികളുടെ 100 മീറ്ററിൽ തെലുങ്കാനയുടെ ജീവൻ ജി. ദീപ്തി (12.09 സെക്കൻഡ്) എന്നിവരാണ് മീറ്റ് റിക്കാർഡിട്ടത്.
അണ്ടർ- 16 പെൺകുട്ടികളുടെ ലോംഗ്ജംപിൽ കേരളത്തിന്റെ ഇ.എസ്. ശിവപ്രിയ, അണ്ടർ- 18 ആൺകുട്ടികളുടെ ലോംഗ്ജംപിൽ കേരളത്തിന്റെ ബിയോൺ ജോർജ്, അണ്ടർ- 16 പെൺകുട്ടികളുടെ നൂറു മീറ്ററിൽ കർണാടകയുടെ അഞ്ജിത അശോക് ദേവതിക, അണ്ടർ- 16 ആൺകുട്ടികളുടെ നൂറ് മീറ്ററിൽ ആന്ധ്രയുടെ പ്രണവ് കുമാർ പാങ്ങി എന്നിവർ സ്വർണം നേടി.