പെപ്പിസം @ 500
Sunday, February 28, 2021 12:10 AM IST
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ജയം തുടർന്ന് മാഞ്ചസ്റ്റർ സിറ്റി. ഇന്നലെ നടന്ന ഹോം മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 2-1ന് വെസ്റ്റ്ഹാമിനെ കീഴടക്കി. റൂബെൻ ഡയസ് (30’), ജോണ്‍ സ്റ്റോണ്‍സ് (68’) എന്നിവരാണ് സിറ്റിക്കായി വല കുലുക്കിയത്.
ഇതോടെ മുൻനിര ലീഗ് ചരിത്രത്തിൽ പരിശീലകനായി 500 ജയമെന്ന നേട്ടം സിറ്റിയുടെ മാനേജർ പെപ് ഗ്വാർഡിയോള സ്വന്തമാക്കി. സിറ്റി പെപ്പിന്റെ കീഴിൽ നേടിയ 200-ാം ജയവുമായിരുന്നു, 273 മത്സരങ്ങളിൽനിന്നാണിത്. ഇപിഎൽ ചരിത്രത്തിൽ ഏറ്റവും ചുരുങ്ങിയ മത്സരങ്ങളിൽനിന്ന് 200 ജയം നേടുന്ന റിക്കാർഡും ഈ സ്പാനിഷ് പരിശീലകൻ സ്വന്തമാക്കി. ബാഴ്സലോണ (179 ജയം), ബയേണ്‍ മ്യൂണിക് (121) എന്നീ ക്ലബ്ബുകളിലായിരുന്നു പെപ് ഗ്വാർഡിയോളയുടെ മറ്റു വിജയങ്ങൾ.