ലോഗോ വന്ന വഴി...
Sunday, April 11, 2021 12:43 AM IST
ഐപിഎൽ ലോഗോ ക്രിക്കറ്റ് ആരാധകരുടെ മനസിൽ ചേക്കേറിയിട്ട് ഒരു ദശകം കഴിഞ്ഞു. 360 ഡിഗ്രിയിൽ ബാറ്റ് വീഴുന്ന ബാറ്റ്സ്മാനാണ് ലോഗോയിലുള്ളത്. ഈ ലോഗോ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാനായ എബി ഡിവില്യേഴ്സിന്റെ 360 ഡിഗ്രി ഷോട്ടിനെ അനുസ്മരിപ്പിക്കുന്നതായി മുൻ സീസണുകളിലും ചർച്ച നടന്നു. 2021 സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ ഐപിഎൽ ലോഗോ വന്ന വഴി വീണ്ടും ചർച്ചയായി. സത്യത്തിൽ ഐപിഎൽ ലോഗോ പോലും എബി ഡിവില്യേഴ്സിനുവേണ്ടി രൂപകൽപന ചെയ്തതാണെന് വിരേന്ദർ സെവാഗിന്റെ ട്വീറ്റാണ് സമൂഹമാധ്യമങ്ങളിൽ വീണ്ടും തരംഗമായത്.
ആർസിബിക്കായി അഞ്ച് വിക്കറ്റ് വീഴ്ത്തി ബൗളിംഗിൽ തിളങ്ങിയ ഹർഷൽ പട്ടേലിനെയും സെവാഗ് അഭിനന്ദിച്ചു.
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2021 സീസണ് ഉദ്ഘാടന മത്സരത്തിൽ 27 പന്തിൽ രണ്ട് സിക്സും നാല് ഫോറും അടക്കം 48 റണ്‍സ് നേടിയ ഡിവില്യേഴ്സിന്റെ മികവാണ് മുംബൈ ഇന്ത്യൻസിനെ രണ്ട് വിക്കറ്റിനു പരാജയപ്പെടുത്താൻ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് കരുത്തായത്. ഡിവില്യേഴ്സ് 20-ാം ഓവറിന്റെ നാലാം പന്തിൽ റണ്ണൗട്ടാകുന്പോൾ ആർസിബിക്ക് ജയിക്കാൻ വേണ്ടിയിരുന്നത് രണ്ട് പന്തിൽ രണ്ട് റണ്‍സ് മാത്രം. അവസാന പന്തിൽ ഫൈൻ ലെഗിലേക്ക് ഷോട്ടുതിർത്ത് ഹർഷൽ പട്ടേൽ ആർസിബിക്ക് ജയം സമ്മാനിച്ചു.
സ്കോർ: മുംബൈ 20 ഓവറിൽ 159/9. ബംഗളൂരു 20 ഓവറിൽ 160/8. ഹർഷൽ പട്ടേൽ ആണ് മാൻ ഓഫ് ദ മാച്ച്.