മെസി ബാഴ്സയിൽ തുടരും
Sunday, April 18, 2021 1:01 AM IST
ബാഴ്സലോണ: സ്പാനിഷ് വന്പൻ ക്ലബ്ബായ ബാഴ്സലോണയിൽ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി തുടരുമെന്ന് സൂചിപ്പിച്ച് പ്രസിഡന്റ് ഹ്വാൻ ലാപോർട്ട. കഴിഞ്ഞ സീസണ് അവസാനത്തോടെ ക്ലബ് വിടാൻ മെസി ഒരുങ്ങിയിരുന്നു. എന്നാൽ, ഈ സീസണ് കൂടി ബാഴ്സലോണയുമായി മെസിക്ക് കരാറുണ്ട്. ജൂണിലാണ് മെസിയുടെ കരാർ കാലാവധി അവസാനിക്കുക.
മെസി പുതിയ കരാർ ഒപ്പിടുമെന്നും അദ്ദേഹം ക്ലബ്ബിൽ തുടരുമെന്നും പ്രസിഡന്റ് ലാപോർട്ട വ്യക്തമാക്കി. മെസിയെ നിലനിർത്താൻ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും കാര്യങ്ങൾ ശരിയായ വഴിക്കാണു നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെസിയെ നിലനിർത്താനുള്ള ആദ്യ ഓഫർ ക്ലബ് മുന്നോട്ടുവച്ചതായാണ് റിപ്പോർട്ട്.