എറിഞ്ഞിട്ടു
Sunday, April 18, 2021 1:01 AM IST
ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസിനെ 150 റൺസിൽ ഒതുക്കാൻ സാധിച്ചെങ്കിലും കാര്യങ്ങൾ വരുതിയിലാക്കാൻ സണ്‍റൈസേഴ്സ് ഹൈദരാബാദിനു സാധിച്ചില്ല.
ശക്തമായ ബൗളിംഗ് ആക്രമണത്തിലൂടെ തിരിച്ചടിച്ച മുംബൈ, സൺറൈസേഴ്സിനെ 13 റൺസ് തോൽവിയിലേക്ക് തള്ളിവിട്ടു. 11.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് എന്ന നിലയിൽനിന്ന് സൺറൈസേഴ്സ് ഹൈദരാബാദ് 19.4 ഓവറിൽ 137നു പുറത്താകുകയായിരുന്നു. ടോസ് ജയിച്ച് ആദ്യം ബാറ്റ് ചെയ്യാനെത്തിയ മുംബൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 150 റണ്‍സാണ് നേടിയത്.
ആക്രമിച്ചുകളിച്ച കിറോണ്‍ പൊള്ളാർഡ് (22 പന്തിൽ 35 നോട്ടൗട്ട്) ആണ് മുംബൈയെ 150ൽ എത്തിച്ചത്. 39 പന്തിൽ 40 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്ക് ആണ് മുംബൈയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ രോഹിത് ശർമ 25 പന്തിൽ32 റണ്‍സ് നേടി. ഹാർദിക് പാണ്ഡ്യ (7) ഒരിക്കൽക്കൂടി പരാജയപ്പെട്ടു.
മറുപടിക്കിറങ്ങിയ സണ്‍റൈസേഴ്സ് രണ്ടും കൽപ്പിച്ചായിരുന്നു. ഓപ്പണർമാരായ ഡേവിഡ് വാർണറും (34 പന്തിൽ രണ്ട് വീതം സിക്സും ഫോറും അടക്കം 36) ജോണി ബെയർസ്റ്റൊയും (22 പന്തിൽ നാല് സിക്സും മൂന്ന് ഫോറുമടക്കം 43) തകർത്തടിച്ചതോടെ ഏഴ് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 67 റണ്‍സിൽ അവർ എത്തി. എന്നാൽ, എട്ടാം ഓവറിന്റെ രണ്ടാം പന്തിൽ സ്കോർ 67ൽ നിൽക്കേ ബെയർസ്റ്റൊ ഹിറ്റ്വിക്കറ്റായി പുറത്തായതോടെ സൺറൈസേഴ്സിന്റെ കഷ്ടകാലം ആരംഭിച്ചു.
IPL പോയിന്റ്
ടീം, മത്സരം, ജയം, തോൽവി, പോയിന്റ്
മുംബൈ 3 2 1 4
ബംഗളൂരു 2 2 0 4
ചെന്നൈ 2 1 1 2
ഡൽഹി 2 1 1 2
രാജസ്ഥാൻ 2 1 1 2
കോൽക്കത്ത 2 1 1 2
പഞ്ചാബ് 2 1 1 2
ഹൈദരാബാദ് 3 0 3 0