ലിവർപൂളിനെ തളച്ച് ലീഡ്സ്
Tuesday, April 20, 2021 11:46 PM IST
ലണ്ടൻ: യൂറോപ്യൻ സൂപ്പർ ലീഗിലേക്കു ചുവടുമാറാനൊരുങ്ങുന്ന ലിവർപൂളിനെ കുഞ്ഞന്മാരായ ലീഡ്സ് യുണൈറ്റഡ് 1-1 സമനിലയിൽ തളച്ചു. ഈ സമനിലയോടെ ആദ്യ നാലിൽ പ്രവേശിക്കാമെന്ന ലിവർപൂളിന്റെ മോഹം പൊലിഞ്ഞു. ലീഗിൽ 46 പോയിന്റുമായി 10-ാം സ്ഥാനത്താണു ലീഡ്സ്. 53 പോയിന്റുള്ള ലിവർപൂൾ ആറാം സ്ഥാനത്തുണ്ട്.
യുവേഫ ചാന്പ്യൻസ് ലീഗിനു പകരമായി യൂറോപ്യൻ സൂപ്പർ കപ്പ് ആരംഭിക്കുമെന്നു ലിവർപൂൾ അടക്കമുള്ള വന്പന്മാരായ 12 ക്ലബ്ബുകൾ പ്രഖ്യാപിച്ച ശേഷമായിരുന്നു ലീഡ്സിനെതിരേ ചെന്പട ഇറങ്ങിയത്. സാദിയോ മാനെയിലൂടെ (31’) മുന്നിൽ കടന്ന ലിവർപൂളിനെ ഡിയേഗോ ലോറെന്റെയിലൂടെ (87’) ലീഡ്സ് സമനിലയിൽ തളയ്ക്കുകയായിരുന്നു.
സർവത്ര പ്രതിഷേധം
മത്സരത്തിനു മുന്പ് ലീഡ്സ് താരങ്ങൾ വാംഅപ് ചെയ്യുന്പോൾ അണിഞ്ഞിരുന്ന ജഴ്സി സൂപ്പർ കപ്പിനെതിരേയുള്ളതായിരുന്നു. “കളത്തിൽനിന്നു സന്പാദിക്കുക, ഫുട്ബോൾ ആരാധകർക്കുള്ളതാണ്”- എന്നെഴുതിയ ജഴ്സിയായിരുന്നു ലീഡ്സ് താരങ്ങൾ വാംഅപ്പിന് ഉപയോഗിച്ചത്. ലിവർപൂളിനെയടക്കം ട്രോളുന്നതായിരുന്നു ജഴ്സിയിലെ വാക്കുകൾ.
ഇതിനിടെ, ആൻഫിൽഡിൽനിന്നു തങ്ങളുടെ പതാകകൾ പിൻവലിക്കുമെന്നു ലിവർപൂൾ ആരാധക ഗ്രൂപ്പായ സ്പിയോണ് കോപ് 1906 അറിയിച്ചു.
ഇംഗ്ലണ്ടിൽനിന്നു ലിവർപൂളിനൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ടോട്ടനം, ആഴ്സണൽ, ചെൽസി എന്നിവയാണു സൂപ്പർ ലീഗിലുള്ളത്. സ്പാനിഷ് വന്പന്മാരായ റയൽ മാഡ്രിഡ്, ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ്, ഇറ്റാലിയൻ കരുത്തരായ യുവന്റസ്, എസി മിലാൻ, ഇന്റർമിലാൻ എന്നിവയാണു സൂപ്പർ കപ്പിലെ മറ്റ് ക്ലബ്ബുകൾ.