ഒരു ചിത്രവും കുറേ പൊല്ലാപ്പും...
Wednesday, May 26, 2021 11:55 PM IST
വഡോദര: ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ ഭാര്യ സഫ ബെയ്ഗ് മകന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പങ്കുവച്ച ഒരു ചിത്രം ഉയർത്തിയ വിമർശനവും പൊല്ലാപ്പും ചെറുതല്ല. ആ ചിത്രത്തിന്റെ പേരിൽ വിമർശനങ്ങളുടെ ശരങ്ങളേറ്റത് ഇർഫാനുതന്നെ. ചിത്രം എഡിറ്റ് ചെയ്ത് സഫയുടെ മുഖം മറച്ചിരിക്കുന്നതാണു വിവാദത്തിനു കാരണം. അതോടെ ഒരു വിഭാഗം ആളുകൾ പഠാനെതിരേ വിദ്വേഷ പ്രചാരണവുമായി രംഗത്തെത്തി.
എന്റെ മകന്റെ അക്കൗണ്ടിൽ ഭാര്യതന്നെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. അതിന്റെ പേരിൽ വലിയ രീതിയിൽ വിദ്വേഷ പ്രചാരണം നടക്കുന്നു. ആ ചിത്രം ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നു. സ്വന്തം മുഖം അവൾ തന്നെയാണ് ബ്ലർ ചെയ്തത്. ഞാൻ അവളുടെ അധിപനല്ല, പങ്കാളിയാണെന്ന് ഓർമിപ്പിക്കുന്നു- പഠാൻ ട്വീറ്റ് ചെയ്തു. അവളുടെ ജീവിതം അവളുടെ താത്പര്യങ്ങൾ എന്ന ഹാഷ് ടാഗോടെയാണ് പഠാന്റെ ട്വീറ്റ്.
എന്നാൽ, മുഖം മറച്ചുള്ള ഭാര്യയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ഇർഫാൻ വിവാദത്തിൽ ചാടുന്നത് ഇതാദ്യമല്ല. സഫ നഖത്തിൽ നെയിൽ പോളിഷ് ഇട്ടതിന്റെ പേരിൽപോലും വിവാദങ്ങളുണ്ടായി. 2020ൽ വിവാഹ വാർഷിക ദിനത്തിൽ പഠാൻ പങ്കുവച്ച ചിത്രവും വിമർശനത്തിനു കാരണമായി. നാലാം വിവാഹ വാർഷികമെന്ന് ഇംഗ്ലീഷിൽ എഴുതിയത് ഭാര്യയുടെ മുഖം മറയ്ക്കുന്ന രീതിയിലായതായിരുന്നു വിമർശനത്തിനു കാരണം.