മാസിമില്യാനോ അല്ലെഗ്രി യുവന്റസ് കോച്ച്
Friday, May 28, 2021 11:27 PM IST
ടൂറിന്: ഇറ്റാലിന്‍ ഫുട്ബോള്‍ ക്ലബ് യുവന്റസിനെ അടുത്ത സീസണ് മുതല്‍ മാസിമില്യാനോ അല്ലെഗ്രി പരിശീലിപ്പിക്കും. ഒരു സീസണ് മാത്രം മുഖ്യ പരിശീലകനായിനിന്ന ആന്ദ്രെ പിര്‍ലോയെ പുറത്താക്കിയാണു ക്ലബ്ബ് അല്ലെഗ്രിയെ തിരിച്ചുവിളിച്ചത്. യുവന്റസിന്റെ മുന്‍താരമായ പിര്‍ലോയുടെ കീഴില്‍ ക്ലബ്ബിനു കഴിഞ്ഞ സീസണില്‍ മികവിലെത്താനായില്ല.
തുടര്‍ച്ചയായി ഒമ്പത് സീസണില്‍ സീരി എ ചാമ്പ്യന്മാരായിരുന്ന യുവന്റസിന് ഈ സീസണില്‍ കിരീടം ഇന്റര്‍ മിലാന് അടിയറ വയ്ക്കേണ്ടിവന്നു. ഇറ്റാലിയന്‍ കപ്പും ഇറ്റാലിയന്‍ സൂപ്പര്‍ കപ്പും മാത്രമേ യുവന്റസിനു നേടാനായുള്ളൂ. ചാമ്പ്യന്‍സ് ലീഗില്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായി. അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗിലേക്കുതന്നെ വളരെ കഷ്ടിച്ചാണു യോഗ്യത നേടിയതും.
2014 മുതല്‍ 2019 വരെ യുവന്റസ് പരിശീലകനായിരുന്ന അല്ലെഗ്രിയുടെ കീഴില്‍ ഒമ്പത് ട്രോഫികളിലാണ് യുവന്റസ് മുത്തമിട്ടത്. ഇതില്‍ അഞ്ച് സീരി എയും നാലു ഇറ്റാലിയന്‍ കപ്പുമുണ്ട്. രണ്ടു തവണ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തുകയും ചെയ്തു. 2019ല്‍ യുവന്റസ് വിട്ടശേഷം അല്ലെഗ്രി മറ്റ് ടീമുകളുടെ പരിശീലകസ്ഥാനം ഏറ്റെടുത്തിരുന്നില്ല.