‘ദ്രാവിഡ് സർ പറഞ്ഞു, ഞാൻ ചെയ്തു’
Thursday, July 22, 2021 12:25 AM IST
കൊളംബൊ: ദ്രാവിഡ് സർ പറഞ്ഞു, അതുപോലെ ഞാൻ പ്രവർത്തിച്ചു... ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റിൽ തോൽവിയുടെ വക്കിൽനിന്ന് ഇന്ത്യയെ ജയത്തിലെത്തിച്ച ദീപക് ചാഹറിന്റേതാണ് ഈ വാക്കുകൾ. രാഹുൽ ദ്രാവിഡ് നൽകിയ പിന്തുണയും തന്റെ ബാറ്റിംഗിൽ കാണിച്ച വിശ്വാസവുമാണു പ്രകടനത്തിൽ നിർണായകമായതെന്നു ചാഹർ പറഞ്ഞു.
18 ഓവറിൽ അഞ്ചിന് 116 എന്ന നിലയിൽ തകർച്ച നേരിട്ടിടത്തുനിന്നായിരുന്നു ദീപക് ചാഹർ ഇന്ത്യയുടെ രക്ഷകനായി അവതരിച്ചത്. 82 പന്തിൽ ഒരു സിക്സും ഏഴ് ഫോറും അടക്കം 69 റണ്‍സുമായി പുറത്താകാതെ നിന്ന ചാഹർ ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു.
ത്രില്ലിംഗ് ജയത്തിനുശേഷം ഇന്ത്യൻ ഡ്രസിംഗ് റൂമിൽ രാഹുൽ ദ്രാവിഡ് നടത്തിയ തീപ്പൊരി പ്രസംഗം സമൂഹമാധ്യമങ്ങളിൽ തരംഗമായി. തോൽവിയിലേക്ക് തള്ളിവിടാൻ എതിരാളികൾ തീവ്രമായി ശ്രമിച്ചെങ്കിലും ചാന്പ്യന്മാരെപ്പോലെ തിരിച്ചെത്തി ജയത്തിലേക്കുള്ള വഴി തുറന്നു എന്നായിരുന്നു പരിശീലകൻ ദ്രാവിഡിന്റെ വാക്കുകൾ.