ഹോക്കി ശ്രീ
Monday, August 2, 2021 12:36 AM IST
ടോക്കിയോ: ഒളിന്പിക്സിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ പുരുഷ ഹോക്കി ടീം. 49 വർഷത്തിനുശേഷം ഇന്ത്യയുടെ പുരുഷ ടീം ഒളിന്പിക് ഹോക്കി സെമി ഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ ഇന്ത്യ 3-1ന് ബ്രിട്ടനെ തകർത്തു. ദിൽപ്രീത് സിംഗ്, ഗുർജന്ത് സിംഗ്, ഹർദിക് സിംഗ് എന്നിവരാണ് ഇന്ത്യക്കായി ഗോൾ നേടിയത്. സാം വാർഡാണു ബ്രിട്ടനായി വലകുലുക്കിയത്.
1980ലെ മോസ്കോ ഒളിന്പിക്സിൽ ഇന്ത്യ സ്വർണം നേടിയെങ്കിലും അന്നു സെമിഫൈനൽ ഇല്ലായിരുന്നു. 1972ലെ മ്യൂണിക് ഒളിന്പിക്സിലാണ് അവസാനമായി ഇന്ത്യ സെമിഫൈനലിൽ കടന്നത്. ആ ഒളിന്പിക്സിൽ ഇന്ത്യ വെങ്കലം നേടിയിരുന്നു.
ഇന്ത്യയുടെ മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് തകർപ്പൻ പ്രകടനമാണു നടത്തിയത്. ഗോളെന്നുറപ്പിച്ച ബ്രിട്ടന്റെ പെനൽറ്റി കോർണറുകൾ തട്ടിയകറ്റി ശ്രീജേഷ് ഇന്ത്യയുടെ വലയ്ക്കു മുന്നിൽ വൻമതിൽ തീർത്തു.
നാളെ നടക്കുന്ന ആദ്യ സെമിഫൈനലിൽ ഇന്ത്യ ലോക റാങ്കിംഗിൽ രണ്ടാമതുള്ള ബെൽജിയത്തെ നേരിടും. ഇന്ത്യ മൂന്നാം സ്ഥാനത്താണ്. സ്പെയിനിനെ 3-1ന് തോൽപ്പിച്ചാണു ബെൽജിയം സെമിയിലെത്തിയത്. രണ്ടാം സെമിയിൽ ഓസ്ട്രേലിയ ജർമനിയെയും നേരിടും. പെനൽറ്റി ഷൂട്ടൗട്ടിൽ ഓസ്ട്രേലിയ 3-0ന് നെതർലൻഡ്സിനെ തോൽപ്പിച്ചു. നിശ്ചിത സമയത്ത് 2-2ന് തുല്യതപാലിച്ചതോടെയാണു ഷൂട്ടൗട്ടിലേക്കു നീങ്ങിയത്. ജർമനി 3-1ന് അർജന്റീനയെ തോൽപ്പിച്ചു.
ഇന്നു നടക്കുന്ന വനിതകളുടെ ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ശക്തരായ ഓസ്ട്രേലിയയെ നേരിടും.