കായിക അഭയം തേടി ക്രിസ്റ്റീന
Monday, August 2, 2021 11:53 PM IST
ടോക്കിയോ: നാട്ടിലേക്ക് പറക്കാനുള്ള ടീമിന്റെ ഉത്തരവ് നിരസിച്ച് ബെലാറസ് വനിതാതാരം ക്രിസ്റ്റീന ടിമാനോവ്സ്ക. ബെലാറസിലേക്ക് മടങ്ങുന്നതിന് പകരം പോളണ്ടിൽ അഭയം തേടാനാണ് ശ്രമിക്കുന്നത്. 200 മീറ്റർ ഓട്ടത്തിൽ പങ്കെടുക്കാനിരിക്കേയാണ് താരത്തോട് നാട്ടിലേക്ക് മടങ്ങാൻ ബലാറസ് അധികൃതർ ആവശ്യപ്പെടുന്നത്.
പരിശീലകരെ വിമർശിച്ചതിന്റെ പേരിലാണ് തന്നെ നാട്ടിലേക്ക് നിർബന്ധിച്ച് മടക്കി അയയ്ക്കുന്നതെന്നാണ് ക്രിസ്റ്റീന പറയുന്നത്. ഇതേത്തുടർന്ന് ജാപ്പനീസ് പോലീസിന്റെ സംരക്ഷണത്തിൽ താരം ഒരു രാത്രി ഹോട്ടൽ മുറിയിൽ കഴിഞ്ഞു. രാജ്യത്തേക്ക് മടങ്ങിയാൽ അത് തന്റെ സുരക്ഷയെ ബാധിക്കുമെന്ന് ക്രിസ്റ്റീന പറഞ്ഞു. താരത്തിന്റെ ഭർത്താവ് യുക്രെയിനിൽ അഭയം പ്രാപിച്ചതായി റിപ്പോർട്ടുണ്ട്.